ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ കഴിഞ്ഞ ദിവസം നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത തീരുമാനം ഇന്നു ചേർന്ന ഭരണസമിതി അംഗീകരിച്ചു. എന്നാൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷം കൂടിയായ എൽഡിഎഫ് അംഗങ്ങൾ ബഹളം തുടങ്ങി. പക്ഷേ ഭരണപക്ഷം സസ്പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. സസ്പെൻഷൻ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നഗരസഭയുടെ നടുത്തളത്തിലിറങ്ങി. സസ്പെൻഷൻ തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചതോടെ പ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങി.

(വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

കയ്യാങ്കളിക്കിടെ എൽഡിഎഫ് കൗൺസിലർമാർ യുഡിഎഫ് കൗൺസിലറായ മോളി ജേക്കബിനെ മർദിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. യുഡിഎഫ് കൗൺസിലർമാർക്കും പരുക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ