ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം വിവാദത്തിൽ. ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കും. രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽനിന്ന് പിന്മാറി. നേരിട്ടു ക്ഷണിക്കാതെ മന്ത്രിയുടെ ഓഫിസിൽനിന്ന് തന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും തന്നെ ക്ഷണിച്ച് അപമാനിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽനിന്നും കെ.സി.വേണുഗോപാലിനെയും മുൻ മന്ത്രി ജി സുധാകരനെയും തഴഞ്ഞതിനെത്തുടർന്നാണ് കോൺഗ്രസ് പ്രതിഷേധം.
ഉദ്ഘാടനത്തിന് തന്നെയും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും കെ.സി.വേണുഗോപാലിനെയും ക്ഷണിക്കാത്തതിനെതിരെ ജി.സുധാകരൻ ഇന്നലെ പരസ്യമായി രംഗത്തുവന്നിരുന്നു. ഉദ്ഘാടനച്ചടങ്ങിന് കെ.സി.വേണുഗോപാൽ എംപിയെ ക്ഷണിക്കണമായിരുന്നു. പദ്ധതിക്കായി ആദ്യാവസാനം മുന്നിൽ നിന്ന തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെയും വിളിക്കാമായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
ഇന്നു വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയനാണ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുക. പിഎംഎസ്എസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സയ്ക്കു മാത്രമായൊരു ബ്ലോക്കാണ് സജ്ജമാകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ഒൻപത് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 173.18 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 53.18 കോടി) ചെലവഴിച്ചതാണ് ബ്ലോക്ക് നിര്‍മിച്ചത്.