ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിച്ച് പ്രതികൾ ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.
കേസിൽ രണ്ട് ആര് എസ് എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രസാദാണു മുഖ്യ ആസൂത്രകനെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.
ഇന്നലെയാണ് രതീഷും പ്രസാദും പിടിയിലായത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ലെന്നും ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും പൊലീസ് പറഞ്ഞു. എട്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടനുണ്ടാവുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
പ്രസാദാണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും ഇവർക്കു വാഹനം എത്തിച്ചുനല്കിയതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത അഞ്ചുപേര്‍ ഒളിവിലാണെന്നാണു പൊലീസ് നൽകുന്ന വിവരം.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ വധത്തിലെ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. കേസിൽ 12 പ്രതികളുണ്ടെന്ന് എഡിജിപി അറിയിച്ചു. ഇവരെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. പ്രതികളുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇരു കൊലപാതകങ്ങളിലും ഉന്നത തല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.
Also Read: ‘മൃതദേഹത്തോട് അനാദരവ് കാണിച്ചു’; ഇന്ന് സമാധാന യോഗത്തിനില്ലെന്ന് ബിജെപി, നാളത്തേക്ക് മാറ്റി
രഞ്ജിത്തിന്റെ കൊലപാതകം പൊലീസ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി പറഞ്ഞു. രഞ്ജിത്ത് അത്തരത്തില്‍ അക്രമികള്‍ ലക്ഷ്യമിട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണുണ്ടായിരുന്നത്. ആദ്യ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മനസിലാക്കാനും കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാനം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രഞ്ജിത്ത് വധം സംബന്ധിച്ച് ഒരു വിവരവുമില്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ലെന്നതിനാൽ ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തടയാമായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ 11 പേരാണ് കസ്റ്റഡിയിലുള്ളത്. ഇരു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര് കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബി ജെ പി നേതാക്കള്‍ ഏറ്റുവാങ്ങി. വിലാപയാത്രയെച്ചൊല്ലി ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ മെഡിക്കൽ കോളജിൽ വാക്കേറ്റമുണ്ടായി. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി വിലാപയാത്രയുടെ വഴി മാറ്റണമെന്ന പൊലീസ് ആവശ്യം ബിജെപി നേതാക്കൾ തള്ളിയതോടെയാണു വാക്കേറ്റമുണ്ടായത്.
മൃതദേഹം ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. അവിടെയാണ് സംസ്കാരം.
രഞ്ജിത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയിലെത്തിയിട്ടുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന പോസ്റ്റ്മോര്‍ട്ടം കോവിഡ് പരിശോധന ഫലം ലഭിക്കാന്‍ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയതെന്നാണ് വിവരം.
അതിനിടെ, ജില്ലയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗം നാളെ വൈകിട്ട് നാലിലേക്കു മാറ്റി. വൈകിട്ട് മൂന്നിനായിരുന്നു ആദ്യം യോഗം നിശ്ചയിച്ചത്. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാരം ആ സമയത്തു പൂർത്തിയാകില്ലെന്നു ബിജെപി ചൂണ്ടിക്കാണിച്ചതോടെ യോഗം അഞ്ചുമണിയിലേക്കു മാറ്റിയിരുന്നു.
എന്നാൽ രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം ബോധപൂർവം വൈകിപ്പിച്ചതാണെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും ഇന്നത്തെ സമാധാനയോഗത്തിൽ പങ്കെടുക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇതേത്തുടർന്നാണ് യോഗം നാളേക്കു മാറ്റിയത്, ർക്കാർ എസ്.ഡിപി.ഐക്ക് ഒപ്പമാണെന്നും അവരുടെ സൗകര്യത്തിനാണ് ഇന്ന് സമാധാനയോഗം വിളിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.ആലപ്പുഴ ജില്ലാ കലക്ടറേറ്റിലാണ് യോഗം.