ആലപ്പുഴ: ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. ഹൗസ് ബോട്ടുകളുടെ നിയമ ലംഘനത്തെക്കുറിച്ചുളള മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ആലപ്പുഴ ജില്ലയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണെന്നായിരുന്നു റിപ്പോർട്ട്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. ഹൗസ് ബോട്ടുകളിൽ വളരെ ചുരുക്കം എണ്ണത്തിനേ ലൈസൻസുളളൂ. സുരക്ഷാകാര്യങ്ങളിലടക്കം പരിശീലനം നേടിയ ജീവനക്കാർ മിക്ക ബോട്ടുകളിലുമില്ല. ബോട്ടുകൾ ഇൻഷുർ ചെയ്യണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ലൈഫ് ജാക്കറ്റും ട്യൂബും മിക്ക ഹൗസ് ബോട്ടുകളിലുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; കൈക്കുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി

ആലപ്പുഴയിൽ ഇന്നലെ ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽനിന്ന് കുഞ്ഞുങ്ങളടക്കം 13 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 1.15ഓടെയാണ് കായലിന് നടുവിൽ വച്ച് ഹൗസ് ബോട്ടിന് തീപിടിച്ചത്. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായതോടെ കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്.

കുമരകത്തുനിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്‌നിക്കിരയായത്. ബോട്ട് പൂർണമായി കത്തിനശിച്ചു. ഹൗസ്‌ബോട്ടിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. തീ പടർന്നതോടെ യാത്രക്കാർ കായലിലേക്ക് ചാടുകയായിരുന്നു. ഇവരിൽ ഒരാളുടെ കയ്യിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. ആകെ മൂന്ന് കുട്ടികളാണ് യാത്രസംഘത്തോടൊപ്പമുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.