ആലപ്പുഴ: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് ആലപ്പുഴ ബൈപാസ് നാടിനു സമർപ്പിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഓൺലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്തു. ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്തു. കളർകോട്ട് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 5 ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു.

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസെന്നും അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാവുന്നത് ഏറെ സന്തോഷം പകരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിര്‍മാണം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമാരമാത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേരളത്തിന്റെ വികസന പദ്ധതികളിൽ കേന്ദ്രത്തിനൊപ്പം സഹകരിച്ചു മുന്നേറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും വേറെ വേറെ സർക്കാർ ഭരിച്ചപ്പോഴാണ് ആലപ്പുഴ ബൈപാസ് യാഥാർത്ഥ്യമായത്. നേട്ടം ജനങ്ങളുടേതാണെന്നും ഒരു അവകാശവാദവും ഉന്നയിക്കുന്നില്ല. റോഡിൽ അല്ല ജനഹൃദയങ്ങളിൽ ഫ്ലക്സ് വയ്ക്കാൻ കഴിയണമെന്നും ജി.സുധാകരൻ പറഞ്ഞു.

ബൈപാസ് ഉദ്ഘാടനത്തിനു ശേഷം വിശിഷ്ടാതിഥികൾ ബൈപാസിലൂടെ കളർകോട്ടു നിന്നു കൊമ്മാടിയിലേക്കു യാത്ര ചെയ്തു. അതിനിടെ, ആലപ്പുഴ ബൈപ്പാസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കെ.സി.വേണുഗോപാലിനെ ചടങ്ങിൽ ക്ഷണിക്കാത്തതിലാണ് പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

Read More: ലൈഫ് മിഷൻ: രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കി, ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്നാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. ബൈപ്പാസിനായി ഏറെ പ്രയത്നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങൾ മൂലം‍ അനിശ്ചിതമായി നീളുകയായിരുന്നു. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആക‍ർഷണം.

alappuzha bypass, ആലപ്പുഴ ബൈപ്പാസ്, narendra modi, Pinarayi Vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നമാണ്ണ് നാലരപതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംങ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്.

alappuzha bypass, ആലപ്പുഴ ബൈപ്പാസ്, narendra modi, Pinarayi Vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം

6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തന്നെ ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.