ആലപ്പുഴ: നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ദേശീയ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നിർമിച്ച ആലപ്പുഴ ബൈപ്പാസ് ഈ മാസം 28ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് ഉദ്ഘാടനം. പ്രധാനമന്ത്രി എത്തില്ലെന്ന് അറിയിച്ചതോടെയാണ് ഇത്.
Also Read: വിഴിഞ്ഞം കരാർ: വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നം ആണ് നാലരപതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ഘാടനം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംഗ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്.
6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. ആലപ്പുഴ ബീച്ചിന്രെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തന്നെ ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ സാധിക്കും.
Also Read: മൂന്ന് ലക്ഷത്തോളം പുതിയ വോട്ടർമാർ; നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം
ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തു നിൽക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകാരൻ നേരത്തെ പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സുപ്രധാന നിർമാണങ്ങളിലൊന്നാണ് ആലപ്പുഴ ബൈപ്പാസ്. ഉദ്ഘാടനത്തിന് താൽപര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും രണ്ട് മാസമായിട്ടും ഒരു അനക്കവുമില്ലാതിരുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.