ആലപ്പുഴ: ഉദ്ഘാടനത്തിന് മുമ്പ് മറ്റൊരു വിവാദത്തിനുകൂടി സാക്ഷിയാവുകയാണ് ആലപ്പുഴ ബൈപ്പാസ്. ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്രം വെട്ടി. പകരം രണ്ട് കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തതാണ് പുതിയ വിവാദം. കേരളത്തിൽ നിന്നുള്ള വി.മുരളീധരനെയും ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയുമാണ് ചടങ്ങിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിൽനിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എംപിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരിട്ടു ചടങ്ങിൽ പങ്കെടുക്കില്ല.

Also Read: കേരളത്തിൽ പുതിയ ഉറുമ്പ് ഇനത്തെ കണ്ടെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിലുള്ളത്. ഒഴിവാക്കിയ പേരുകളും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു തിരിച്ചയച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

Also Read: ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകേണ്ടെന്ന് ചെന്നിത്തല, ഗ്രൂപ്പ് വീതംവയ്‌പിനെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതി

കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ചടങ്ങിൽ നിന്ന് മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും അങ്ങനെ ചെയ്താൽ അതിനെ സംസ്ഥാന സർക്കാർ വെല്ലുവിളിക്കണമെന്നും എ.എം.ആരിഫ് എംപി പറഞ്ഞു.

ഈ മാസം 28നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നമാണ് നാലരപതിറ്റാണ്ടിനുശേഷം യാഥാർത്ഥ്യമാകുന്നത്. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ഘാടനം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 172 കോടി വീതമാണ് പദ്ധതിക്കായി ചെലവിട്ടത്.

റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനും ജംങ്ഷനുകളുടെ നവീകരണത്തിനുമായി സംസ്ഥാനം 25 കോടി അധികമായും ചെലവാക്കിയിട്ടുണ്ട്. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം. അതില്‍ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. ആലപ്പുഴ ബീച്ചിന്രെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തന്നെ ബൈപ്പാസിലൂടെ യാത്ര ചെയ്യാൻ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.