ഹരിപ്പാട്: ആലപ്പുഴ കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽ വൻ കവർച്ച. നാലരക്കിലോ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയി. കരുവാറ്റ ടിബി ജങ്‌ഷനിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
മുൻവശത്തെ ജനലിന്റെ ഇരുമ്പ് കമ്പികൾ തകർത്താണ് മോഷ്‌ടാക്കൾ ബാങ്കിന്റെ അകത്തു കയറിയത്. ബാങ്ക് ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തതായാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് 27 നാണ് ബാങ്ക് അവസാനമായി പ്രവർത്തിച്ചത്. പിന്നീട് തുടർച്ചയായി അഞ്ച് ദിവസം അവധിയായിരുന്നു. എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.
Read Also: സച്ചിൻ നടത്തിയ ‘മോഷണം’; ആദ്യ ഓവറിനുശേഷം ഡ്രസിങ് റൂമിലേക്ക് ഓടിക്കയറി ശ്രീകാന്ത്, വെളിപ്പെടുത്തൽ
ലോക്കർ തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ സിലിണ്ടർ ബാങ്കിനകത്തു തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
നഷ്ടപ്പെട്ട സ്വർണത്തിന്റെ മൂല്യം കോടികൾ വരും. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തിയിട്ടുണ്ട്.