Latest News

വളരെ കൂടുതൽ സംസാരിക്കുന്ന രീതിയാണ് നമുക്ക്, മാറ്റങ്ങൾ മനസിലാക്കണം; തിരുത്തുമായി മുഖ്യമന്ത്രി

“എല്ലാവരും വിശദമായി സംസാരിക്കണമെന്നില്ല. പരിപാടികളിൽ എത്തിപ്പെടുക എന്നതാണ് പ്രധാനം,” മുഖ്യമന്ത്രി പറഞ്ഞു

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്‌ഘാടനത്തിനിടെ പ്രസംഗങ്ങൾ നീണ്ടുപോയതിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പ്രസംഗിക്കാനുള്ള മുഖ്യമന്ത്രിയുടെ ഊഴമെത്തിയപ്പോൾ സമയം രണ്ടരയോട് അടുത്തു. രാജ്യം ഏറെ വൈവിധ്യമുള്ളതാണെന്നും അതിന്റെ പ്രത്യേകത എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

“സാധാരണ നിലയ്ക്ക് കേരളത്തിൽ ഒരു പരിപാടി ഒരു മണിക്ക് വയ്ക്കാറില്ല. പക്ഷേ, ഈ പരിപാടിയുടെ പ്രധാന്യം കണക്കിലെടുത്ത് ഒരു മണി എന്ന സമയം വച്ചപ്പോൾ അതിനോട് യോജിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. ഏതായാലും സന്തോഷകരമായ ഒരു കാര്യത്തിന് വളരെ കൂടുതൽ സമയം എടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല .വൈവിധ്യത്തിന്റെ പ്രത്യേകത നമ്മളും ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്. എല്ലാ യോഗങ്ങളിലും വളരെ കൂടുതൽ സംസാരിക്കുന്ന രീതിയാണ് നമ്മുടെ ശീലം. മറ്റ് പലയിടങ്ങളിലുമുള്ള രീതി കുറച്ച് സംസാരിക്കുകയായിരുന്നു. പരിപാടി പൊതുവെ ചുരുക്കുക എന്നതാണ് രാജ്യത്ത് പലയിടത്തും സ്വീകരിക്കുന്നത്. നമ്മളും യഥാർഥ്യത്തിൽ അത് ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

“ഓരോരുത്തരും കാര്യങ്ങൾ വിശദമായി പറഞ്ഞ് ചടങ്ങുകൾ നീണ്ടുപോകുന്ന അവസ്ഥയായി. നമ്മുടെ ശീലത്തിൽ നിന്ന് വ്യത്യസ്തമായി വരുമ്പോൾ നമുക്ക് വളരെ അസ്വസ്ഥത തോന്നും. അതാണ് നേരത്തെ ഇവിടെ പ്രകടിപ്പിച്ചതായി തോന്നിയത്. അങ്ങനെയൊരു അസ്വസ്ഥതയുടെ ആവശ്യമില്ല. എല്ലാവരും വിശദമായി സംസാരിക്കണമെന്നില്ല. പരിപാടികളിൽ എത്തിപ്പെടുക എന്നതാണ് പ്രധാനം,” മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Read Also: ഷാരൂഖിനും പ്രീതി സിന്റയ്‌ക്കുമൊപ്പം ‘ജിയ ജലേ’ പാടിയ മംഗലാംകുന്ന് കർണൻ; മോഹൻലാലിനൊപ്പം നരസിംഹത്തിലും

ബൈപാസ് ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ എന്നിവരുടെ പ്രസംഗം ഏറെ സമയം നീണ്ടുപോയിരുന്നു. സുധാകരനോട് പ്രസംഗം ചുരുക്കണമെന്ന് വേദിയിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ വികസന കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞപ്പോഴാണ് ഗഡ്‌കരിയുടെ പ്രസംഗം നീണ്ടുപോയത്.

അതേസമയം, കേരളത്തിലെ വികസന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. അടുത്ത തവണ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിലെ റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നാണ് ഗഡ്‌കരി പറഞ്ഞത്. ഗഡ്‌കരിയുടെ ക്ഷണം മുഖ്യമന്ത്രി സ്വാഗതം ചെയ്തു. അടുത്ത തവണ ഡൽഹിയിൽ എത്തുമ്പോൾ വിശദമായ ചർച്ചകൾ നടത്താമെന്നും കോവിഡ് ആയതുകൊണ്ടാണ് ഡൽഹിയിലേക്കുള്ള യാത്ര വെെകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം രാജ്യത്തിന് നി‍ർണായകമായ സംസ്ഥാനമാണെന്നും ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സ്ഥലത്ത് റോഡ് ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത്​ അനിവാര്യമാണെന്നും ഗഡ്‌കരി പ്രത്യേകം എടുത്തുപറഞ്ഞു.

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് നാടിനു സമർപ്പിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഓൺലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്‌തത്. ഓൺലൈനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്തു. കളർകോട്ട് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 5 ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു.

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസെന്നും അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാവുന്നത് ഏറെ സന്തോഷം പകരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിര്‍മാണം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമാരമാത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കേരളത്തിന്റെ വികസന പദ്ധതികളിൽ കേന്ദ്രത്തിനൊപ്പം സഹകരിച്ചു മുന്നേറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Alappuza by pass cm pinarayi vijayan speech

Next Story
അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് നാടിനു സമർപ്പിച്ചുalappuzha bypass, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com