കൊച്ചി: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട്ട് പഞ്ചായത്തിൽ ഐആർഇ നടത്തുന്ന പരിധിവിട്ട കരിമണൽ ഖനനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം.ഹുസൈൻ ആണ് ഹർജിക്കാരൻ.
കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആലപ്പാട് പഞ്ചായത്തിന്റെ ഉപഗ്രഹചിത്രം ഹാജരാക്കാൻ നിർദേശിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുംവരെ ഐആർഇയോട് ഖനനം നിർത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാരിനോട് കോടതി ഉത്തരവിടണമെന്നും പറയുന്നു. ഖനനം നിർത്തി വയ്ക്കാൻ ഐആർഇയോട് നിർദേശിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.