തിരുവനന്തപുരം: ആലപ്പാട് സമരസമിതി വ്യവസായ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തേക്ക് സീ വാഷിങ് നിർത്തിവയ്ക്കാൻ തീരുമാനം. ഇക്കാര്യം ഐആർഇയോട് ആവശ്യപ്പെടുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

കരിമണൽ ശേഖരിക്കുന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തും. ഇതിന്റെ പ്രാഥമിക പഠനത്തിന് വിദഗ്‌ധ സമിതി പരമാവധി 30 ദിവസത്തിനുളളിൽ ലഭ്യമാക്കണം എന്നതാണ് സർക്കാർ നിർദ്ദേശം. ഖനന ആഘാതം പഠിക്കാന്‍ ഇടക്കാല സമിതിയെ നിയോഗിക്കാനും ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീ വാഷിങ് നിര്‍ത്തിവയ്ക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഐആർഇയോട് കടൽഭിത്തികൾ നിർമ്മിക്കാനും പുലിമുട്ടുകൾ നിർമ്മിക്കാനും നിർദ്ദേശം നൽകുമെന്ന് സമരസമിതിക്ക് മന്ത്രി യോഗത്തിൽ ഉറപ്പുനൽകി. സന്തോഷത്തോടെയാണ് ചർച്ച പിരിഞ്ഞതെന്നും അനുകൂല തീരുമാനം സമരസമിതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഈ യോഗ തീരുമാനം അംഗീകരിച്ച് വിദഗ്‌ധ സമിതി റിപ്പോർട്ട് വരും വരെ സമരം അവസാനിപ്പിക്കാൻ സർക്കാർ സമരസമിതിയോട് ആവശ്യപ്പെട്ടു.  ആലപ്പാട് സമരം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രി പറഞ്ഞു. ആലപ്പാട് സമരസമിതിയുടെ ഏഴ് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ കളക്ടറും കരുനാഗപ്പളളി എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.

ആലപ്പാട്ടെ നിയമവിരുദ്ധ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റേയും ഐആര്‍ഇയുടെയും അടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിരുന്നു. കരിമണല്‍ ഖനനത്തെത്തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തുപോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം.ഹുസൈന്‍ നല്‍കിയ ഹർജിയിലാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നൽകാൻ ഉത്തരവായത്.

നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന സമിതിക്ക് രൂപംനല്‍കണമെന്നതടക്കം നിർദ്ദേശിക്കുന്ന മുല്ലക്കര രത്‌നാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവും ഹർജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് ഒരാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ