തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരം ഇനിയും തുടരുമെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമര സമിതി തങ്ങളുടെ നിലപാട് പറഞ്ഞത്.

തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കൾ പറഞ്ഞത്. “ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.  മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. ആലപ്പാട്ട് താമസിക്കുന്ന 2500 ഓളം ജനങ്ങളുടെ അതിജീവനത്തിന്റെ വിഷയമാണ്. ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നത്.  പ്രശ്നങ്ങള്‍ പറയുമ്പോള്‍ കമ്പനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ല,” തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സമര സമിതി നേതാക്കള്‍ പറഞ്ഞു.

സമരക്കാരുടെ ആശങ്ക പരിഗണിച്ച് ഒരു മാസത്തേക്ക് സീ വാഷിങ് നിർത്തിവയ്ക്കാമെന്നാണ് വ്യവസായ മന്ത്രി ഇപി ജയരാജൻ സമരക്കാർക്ക് ഇന്ന് ഉറപ്പു നൽകിയത്. സമര സമിതിയുടെ ഏഴ് പ്രവർത്തകരാണ് ചർച്ചയിൽ പങ്കെടുത്തത്. കരുനാഗപ്പളളി എംഎൽഎയും ജില്ലാ കളക്ടറും ചർച്ചയിൽ പങ്കെടുത്തിരുന്നു.

ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. ഇവർക്ക് പരമാവധി ഒരു മാസം സമയം നൽകും. ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടനുസരിച്ച് തീരുമാനമെടുക്കും. അതുവരെ സീ വാഷിംഗ് നിർത്തിവയ്ക്കാൻ ഐആർഇയോട് ആവശ്യപ്പെടും. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും, ഇതായിരുന്നു സർക്കാർ നിലപാട്.

എന്നാൽ ഖനനം എന്നന്നേക്കുമായി നിർത്തിവയ്ക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു. എന്നാൽ ഖനനം പൂർണ്ണമായി നിർത്തിവയ്ക്കാൻ സാധിക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ സമര സമിതി തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.