തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി സംഭവത്തിൽ ഇടപ്പെടുന്നു. ആലപ്പാട് നിന്ന് ഉയർന്ന് വന്ന വിഷയങ്ങൾ ചർച്ചചെയ്യാനും പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 16നാണ് യോഗം.
വ്യവസായ മന്ത്രി ഇ പി ജയരാജൻ, ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ, കൊല്ലം കലക്ടർ എന്നിവർക്ക് പുറമെ ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവരും യോഗത്തിൽ പങ്കെടുക്കും. അതേസമയം സമര സമിതി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചട്ടില്ല.
ആലപ്പാട് വിഷയത്തെപ്പറ്റി സർക്കാരിന് നല്ല ബോധ്യമുണ്ടെന്നും വിശദമായി പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞിരുന്നു. രാത്രികാലങ്ങളിൽ വൻതോതിൽ കരിമണൽ കടത്തുന്നുണ്ട്. കരിമണൽ കടത്ത് തടയും കർശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും വ്യവസായ വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. എന്നാൽ കരിമണൽ ഖനനം പൂർണമായും നിർത്തിയതിന് ശേഷം ചർച്ച ചെയ്യാമെന്ന സർക്കാർ നിലപാടിലാണ് സമരസമിതി.