കണ്ണൂർ: ആലപ്പാട് വിഷയത്തെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. സമരം എന്തിനാണ് എന്നറിയില്ല. ഖനനം മൂലം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന പരാതിയുമായി ആരും സർക്കാരിനെ സമീപിച്ചിട്ടില്ല. ഖനനം നിർത്തി വയ്ക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ സ്ഥാപനമാണ് ഖനനം നടത്തുന്നത്. അത് പൂട്ടാൻ സർക്കാരിന് കഴിയില്ല. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല കമ്പനി. വർഷങ്ങളായി ആലപ്പാട്ട് കരിമണൽ ഖനനം നടക്കുന്നുണ്ട്. ഖനനം മൂലം ആലപ്പാട് ഇല്ലാതായി തീരുന്നുവെന്നു മാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോഴാണ് സമരം നടക്കുന്നുണ്ടെന്ന് ഞാനും അറിഞ്ഞത്. ഖനന മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. കമ്പനി പൂട്ടിയാൽ അവർക്ക് ജോലി ഇല്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പാട്ട് സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന് താൻ പറഞ്ഞത് ഒരു പ്രയോഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്ത് നിന്നും വന്നവരാണെന്ന മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിരുന്നു.

നേരത്തെ ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി.ജയരാജന്റെ നിലപാടിനെ തള്ളി സിപിഐ രംഗത്തെത്തിയിരുന്നു. ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതോടെയാണ് ആലപ്പാട് വിഷയത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പരന്നത്.

അതിനിടെ, ആലപ്പാട് കിരമണൽ ഖനനത്തിനെതിരെ ‘സേവ് ആലപ്പാട് സമരസമിതി’ നടത്തുന്ന റിലേ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് വി.എം.സുധീരനും എത്തി. പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.