കോഴിക്കോട്: യുഎപിഎ ചുമത്തിയ കേസില്‍ പൊലീസ് കള്ളക്കഥ മെനയുകയാണെന്ന് അറസ്റ്റിലായ അലന്റെ അമ്മ സബിത. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ പൊലീസ് കള്ളക്കഥ മെനയുകയാണ്. 15 വയസ്സു മുതല്‍ മകനെ നിരീക്ഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നു. അതായത് അഞ്ച് വര്‍ഷമായി മകന്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് അവര്‍ തന്നെ പറയുന്നു. എങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ ആ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. അങ്ങനെ അറിയിച്ചിരുന്നെങ്കില്‍ അവനെ തിരുത്താന്‍ കഴിയുമായിരുന്നില്ലേ? സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പൊലീസ് അതല്ലേ ചെയ്യേണ്ടതെന്നും അലന്റെ അമ്മ ചോദിച്ചു.

“സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അലനെ നിരീക്ഷിക്കുകയാണെന്ന കള്ളക്കഥ പൊലീസ് മെനഞ്ഞത്. ജാമ്യത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. ജാമ്യം കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാനും തയ്യാറാണ്. മാവോയിസ്റ്റ് ബന്ധമെന്നത് പൊലീസ് മെനഞ്ഞെടുത്ത കള്ളക്കഥയാണ്. മകനുവേണ്ടി നിയമസഹായം നല്‍കുന്നത് സിപിഎം തന്നെയാണ്” സബിത പറഞ്ഞു.

Read Also: യുഎപിഎ അംഗീകരിക്കാനാകില്ല; പൊലീസ് നടപടി തെറ്റ്: സീതാറാം യെച്ചൂരി

ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോഴിക്കോട്‌ രണ്ട്‌ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്‌ത്‌ യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക്‌ നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ്‌ സിപിഎമ്മിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവനയിൽ പറയുന്നു.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ്‌ യുഎപിഎ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന്‌ അനുമതി നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. എല്‍ഡിഎഫ്‌ ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന്‌ കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.