കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി അലന്‍ ഷുഹൈബില്‍നിന്നും താഹ ഫസലില്‍നിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സി.പി.ഐ. മാവോയിസ്റ്റിന്റേതാണെന്നു നിരീക്ഷിച്ചു. ഇതില്‍നിന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നത് ഇരുവര്‍ക്കും സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഉടന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചേക്കും.

അതിനിടെ കോടതിയുടെ അനുമതിയോടെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് അഭിഭാഷകര്‍ ഒരു മണിക്കൂര്‍ സംസാരിച്ചു. പ്രതിഭാഗം അഭിഭാഷകരായ എം.കെ.ദിനേശനും എന്‍.ഷംസുദ്ദീനും ഇന്നു വൈകീട്ടു മൂന്നു മുതല്‍ നാലുവരെയാണു സന്ദര്‍ശനം നടത്തിയത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം.

അന്വേഷണ ഉദ്യോഗസ്ഥരുടെയോ ജയില്‍ അധികൃതരുടെയോ സാന്നിധ്യമില്ലാതെയായിരുന്നു കൂടിക്കാഴ്ച. ഹൈക്കോടതിയില്‍ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ. എം.കെ.ദിനേശന്‍ പറഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യുഎപിഎ നിലനില്‍ക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്. അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ തുടരന്വേഷണത്തെ ബാധിക്കുമെന്നുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന നിലപാടിനെ സാധൂകരിക്കാനായി പ്രതികളില്‍നിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.