കോഴിക്കോട്: തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍. തങ്ങളുടെ പക്കല്‍ നിന്നും ലഘുലേഖകള്‍ കണ്ടെത്തിയിട്ടില്ലെന്നും ചുമത്തിയത് കള്ളക്കേസാണെന്നും ഇരുവരും പറഞ്ഞു.
സിഗരറ്റ് വലിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന തങ്ങളെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നാണ് താഹ പറയുന്നത്. സ്റ്റേഷനില്‍ വച്ച് തങ്ങളെ മർദിച്ചതായും താഹ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടു പോകുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം.
അതേസമയം, ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് അലനേയും താഹയേയും കോടതി റിമാന്‍ഡ് ചെയ്തത്. സിപിഎം തിരുവണ്ണൂര്‍ മിനി ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അലന് ഷുഹൈബ്. പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താഹ ഫസല്‍. യുഎപിഎ 20,38, 39 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും യുഎപിഎയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു. കേസ് അന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐജി പറഞ്ഞു.