കോഴിക്കോട്: പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റ് പ്രവർത്തകർ തന്നെയെന്ന് ആവർത്തിച്ച് പൊലീസ്. ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് അലനും താഹയും പങ്കെടുത്തത്.

Also Read: ‘മാവോയിസം സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ച് താഹ; വായടയ്‌ക്കാന്‍ പൊലീസ്, വീഡിയോ

ഇരുവരുടെയും ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായവരുമൊത്ത് നിൽക്കുന്ന ഫൊട്ടോകളും പിടിച്ചിട്ടുണ്ട്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽ നിന്നും പിടികൂടിയിട്ടുണ്ട്. താഹയുടെ വീട്ടിൽ നിന്നും ലഭിച്ച രേഖകളുടെ കൂട്ടത്തിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകളുമുണ്ട്. ഇത് വായിക്കുന്നതിനായി വിദഗ്ദരുടെ സഹായവും തേടിയിട്ടുണ്ട്.

അതേസമയം യുഎപിഎ ചുമത്തി കോഴിക്കോട്ട് പൊലീസ് അറസ്റ്റു ചെയ്ത താഹയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിന്റെ വീഡിയോ പുറത്ത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ താഹ വിളിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

പൊലീസ് പരിശോധന നടക്കുന്നതിനിടെ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ട്. “ഇന്‍ക്വിലാബ് സിന്ദാബാദ്, മാവോയിസം സിന്ദാബാദ്…”തുടങ്ങിയ മുദ്രാവാക്യങ്ങളാണ് താഹ വിളിക്കുന്നത്. മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ ‘അവന്റെ വായ അടച്ചേ’ എന്ന് പൊലീസ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മുദ്രാവാക്യം വിളിയെ തടുക്കാന്‍ താഹയുടെ ഉമ്മയും ശ്രമിക്കുന്നു. താഹയോട് ‘മിണ്ടല്ലേടാ’ എന്ന് ഉമ്മ പറയുന്നു.

Also Read: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്‌ലറുടെ കസേരയിൽ: രമേശ് ചെന്നിത്തല

നിയമസഭയിലും അറസ്റ്റ് ചർച്ചയായിരുന്നു. മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും സഭയിൽ പറഞ്ഞു.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കി. യുഎപിഎ എതിർക്കുകയാണെന്ന് പറഞ്ഞ പിണറായി യുവാക്കളെ അറസ്റ്റു ചെയ്‌ത പൊലീസ് നടപടിയെ ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താല്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.