കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും. ജാമ്യ ഹർജി തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് കെട്ടിചമച്ചതാണന്നാണ് ഹർജിക്കാരുടെ വാദം.

പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കീഴ്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരുവരുടേയും ജാമ്യ ഹർജി തള്ളിയത്. അലന്‍ ഷുഹൈബില്‍നിന്നും താഹ ഫസലില്‍നിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റേതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതില്‍നിന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നത് ഇരുവര്‍ക്കും സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Read More: അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യലിനായി ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകി.

അതേസമയം അലനേയും താഹയേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്‍റെ ആവശ്യം. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്.

മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്‍റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായവരെ കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. രക്ഷപ്പെട്ട മൂന്നാമനായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.