കോഴിക്കോട്: യുഎപിഎ ചുമത്തി കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫസലും മവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ഇരുവരും ഇപ്പോഴും സിപിഎം അംഗങ്ങൾ തന്നെയാണെന്നും അവരുടെ ഭാഗം കേൾക്കാതെ ഒരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും പി.മോഹനൻ പറഞ്ഞു.

“മാവോയിസ്റ്റുകളാണെങ്കിൽ തന്നെ യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇവർ ചെറിയ കുട്ടികളാണ്, പക്വതയാർന്ന പ്രവർത്തകരൊന്നുമല്ല. അതുകൊണ്ട് തന്നെ ചില സൗഹൃദങ്ങളുടെയൊക്കെ പുറത്ത് സ്വാധീനങ്ങളിൽ പെട്ടിട്ടുണ്ടാകാം. അത്തരം സ്വാധീനത്തിൽ പെട്ടുപോയിട്ടുണ്ടോ എന്ന് സിപിഎം പരിശോധിച്ചു വരികയാണ്. അങ്ങനെയുണ്ടെങ്കിൽ അവരെ തിരുത്താനുള്ള പ്രക്രിയയിലാണ് സിപിഎം,” പി.മോഹനൻ പറഞ്ഞു.

Also Read: എന്തിന് ആറ് വർക്കിങ് പ്രസിഡന്റുമാർ? കെപിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാൻഡിന് അതൃപ്തി

ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്നതിനാൽ ഇരുവരുടെയും ഭാഗം കേൾക്കാൻ സാധിച്ചട്ടില്ല. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങളെ അറിയിക്കും. അങ്ങനെ അറിയക്കാത്തിടത്തോളം അവർക്കെതിരെ നടപടിയെടുത്തട്ടില്ലെന്ന് തന്നെയാണ് അർത്ഥമെന്നും പി.മോഹനൻ വ്യക്തമാക്കി.

അലനെയും താഹയെയും കുറിച്ച് പി.ജയരാജൻ പറഞ്ഞത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജയരാജൻ പറഞ്ഞുവെന്ന് പറഞ്ഞിട്ട് നിങ്ങൾ ചോദിച്ചാൽ താനെന്ത് പറയാനാണ്. അതേസമയം,  മുഖ്യമന്ത്രി സംസാരിക്കുന്നത് പൊലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും പി.മോഹനൻ പറഞ്ഞു.

Also Read: ‘ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റം’; അഴിയെണ്ണിക്കുമെന്ന് ആദിത്യനാഥ്

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ശക്തമായ വികാരം ഉയര്‍ന്ന സാഹചര്യത്തിലാണു സിപിഎമ്മിന്റെ മനംമാറ്റമെന്നതു ശ്രദ്ധേയമാണ്. യുഎപിഎക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമായി പ്രതികരിച്ചിട്ടും അലനും താഹയ്ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഒരുവിഭാഗം നേതാക്കളും നിലപാട് എടുക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ്  പാർട്ടിക്കുള്ളിലും പുറത്തും ഉയര്‍ന്നത്.

അലനും താഹയും നിരപരാധികളല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഇരുവരുടെയും മാതാപിതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫ് ശ്രമിച്ചതും സിപിഎമ്മിന്റെ മനംമാറ്റത്തിനു കാരണമായെന്നാണു വിലയിരുത്തപ്പെടുന്നത്. അലന്റെയും താഹയുടെയും മാതാപിതാക്കളെ കഴിഞ്ഞദിവസം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇരുവരും ചെയ്ത കുറ്റമെന്താണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അലനും താഹയും മവോയിസ്റ്റുകളാണെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും മാറ്റം വരുത്തിയിട്ടില്ല. ഇരുവരും സിപിഎം പ്രവർത്തകരൊന്നുമല്ലെന്നും മാവോയിസ്റ്റുകളാണെന്ന് തെളിഞ്ഞതാണെന്നുമാണ് പിണറായി വിജയൻ ഇതുമായ നേരത്തെ വ്യക്തമാക്കിയത്.

അലനും താഹയും എസ്എഫ്ഐക്കുള്ളിൽ നിന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നായിരുന്നു പി.ജയരാജൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇവർക്ക് മാവോ ബന്ധമുണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് അറസ്റ്റിനു പിന്നാലെ കോഴിക്കോട്ട് നടത്തിയ വിശദീകരണ പൊതുയോഗത്തിൽ  സിപിഎം വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.