കൊച്ചി: കൊച്ചിയിൽ അറസ്റ്റിലായ അൽ ഖായിദ ഭീകരരിൽ ഒരാളായ മുർഷിദ് ഹസൻ ജോലിക്ക് പതിവായി വരാറില്ലെന്നും പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നെന്നും മുർഷിദിനൊപ്പം താമസിച്ചിരുന്ന വ്യക്തി. അതിഥി തൊഴിലാളിയായാണ് മുർഷിദ് കൊച്ചിയിൽ താമസിച്ചിരുന്നത്. നിർമാണ തൊഴിലാളി എന്ന വ്യാജേനയാണ് മുർഷിദ് അടക്കമുള്ള അൽ ഖായിദ ഭീകരർ കേരളത്തിൽ എത്തിയത്.

“മുർഷിദ് സ്ഥിരമായി ജോലിക്ക് പോകാറില്ല. ആഴ്‌ചയിൽ രണ്ട് ദിവസമാത്രമേ ജോലിക്ക് പോകൂ. ജോലിക്ക് പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ വീട്ടിൽ പണത്തിന്റെ ആവശ്യമില്ലെന്നാണ് മറുപടി നൽകിയിരുന്നത്. ലോക്ക്‌ഡൗണ്‍ സമയത്താണ് മുർഷിദ് ഞങ്ങളുടെ റൂമിലെത്തിയത്. ഞാൻ സ്ഥിരം ജോലിക്ക് പോകുന്നതാണ്. രാവിലെ ഏഴ് മണിക്ക് ജോലിക്ക് പോയാൽ രാത്രി എട്ട് മണിയാകും തിരിച്ചുവരാൻ. രാത്രി റൂമിലെത്തിയാണ് മുർഷിദിനെ അറസ്റ്റ് ചെയ്തത്. മുർഷിദിനൊപ്പമുണ്ടായിരുന്ന ഞങ്ങളുടെ ആധാർ കാർഡും ഫോണും പൊലീസ് വാങ്ങിച്ചുവച്ചു. ഫോൺ പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങിക്കാൻ പറഞ്ഞിരുന്നു. രാത്രി രണ്ട് മണിക്കാണ് മുർഷിദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് കൂടുതലൊന്നും അറിയില്ല,” മുർഷിദിനൊപ്പം താമസിച്ചിരുന്ന ആൾ മാധ്യമങ്ങളോട് പറഞ്ഞു.

മുർഷിദ് അടക്കമുള്ളവർ ആധാർ രേഖ കാണിച്ചാണ് ജോലിക്ക് എത്തിയതെന്നും സംശയമൊന്നും തോന്നിയിരുന്നില്ല എന്നും കെട്ടിട ഉടമയും മാധ്യമങ്ങളോട് പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ളയാളാണെന്ന് തോന്നിയിട്ടില്ലെന്നും കെട്ടിട ഉടമ വ്യക്തമാക്കി. “ലോക്ക്‌ഡൗണ്‍ സമയത്താണ് മുർഷിദിനു താമസിക്കാൻ വീട് നൽകിയത്. മൂന്ന് പേർ താമസിച്ചിരുന്നു. അവർക്കൊപ്പം താമസിക്കട്ടെ എന്നു ചോദിച്ചാണ് എത്തിയത്. എല്ലാ രേഖകളും കാണിച്ചിരുന്നു. ഐഡി കാർഡ് ഒറിജിനൽ ഉണ്ടായിരുന്നു. അതിനുശേഷമാണ് താമസിക്കാൻ അനുവാദം നൽകിയത്. മുർഷിദ് എല്ലാവിധ ജോലിക്കും പോയിരുന്നു. ചായക്കടയിൽ ജോലിക്ക് നിന്നിരുന്നു,” കെട്ടിട ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: എറണാകുളത്ത് മൂന്ന് അൽ ഖായിദ ഭീകരർ പിടിയിൽ; ബംഗാളിൽ നിന്ന് ആറ് പേർ

ഇന്ന് പുലർച്ചെയാണ് പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടന്ന റെയ്‌ഡിൽ ഒൻപത് അൽ ഖായിദ ഭീകരർ പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസിയാണ് അൽ ഖായിദ ഭീകരരെ പിടികൂടിയത്. എറണാകുളത്ത് നിന്ന് മൂന്ന് പേരെയും ബംഗാളിൽ നിന്ന് ആറ് പേരെയും പിടികൂടി. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലർച്ചെയാണ് റെയ്‌ഡ് നടന്നത്.

ഡൽഹിയിലും രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലുമായി ഇവർ വൻ ആക്രമണത്തിനു ലക്ഷ്യമിട്ടിരുന്നു. അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങൾ പിടികൂടിയിട്ടുണ്ട്. പാക്കിസ്ഥാൻ അൽ ഖായിദ ഓൺലെെൻ വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്‌തതെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നു പിടികൂടിയ മൂന്ന് പേരെയും കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് ഡിജിറ്റൽ രേഖകൾ പിടികൂടിയിട്ടുണ്ട്. നിർമാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കേരളത്തിലെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് എൻഐഎ ബംഗാളിലും കേരളത്തിലും റെയ്‌ഡ് നടത്തിയത്. ബംഗാളിലെ മൂർഷിദാബാദിൽ നിന്നാണ് ആറ് പേരെ പിടികൂടിയത്.

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഭീകരരെന്ന് സംശയിക്കുന്നവരെ ദേശീയ അന്വേഷ ഏജൻസി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും അൽ ഖായിദ സാന്നിധ്യമുണ്ടെന്ന് എൻഐഎ മനസിലാക്കിയിരുന്നു. രാജ്യത്ത് പലയിടത്തായി ഭീകരാക്രമണം നടത്താനും നിരവധി പേരെ കൊലപ്പെടുത്താനും ഈ സംഘം ലക്ഷ്യമിട്ടിരുന്നു.

റിപ്പോർട്ടുകളനുസരിച്ച് ദേശീയ അന്വേഷണ ഏജൻസി സെപ്‌റ്റംബർ 11 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായവരിൽ നിന്ന് ജിഹാദി ലിറ്ററേച്ചറുകളും മാരകായുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പാക്കിസ്ഥാൻ അൽ ഖായിദയാൽ സ്വാധീനിക്കപ്പെട്ടവരാണ് ഇവരെന്ന് പറയുന്നു.

മുർഷിദ് ഹസൻ, ഇയാകുബ് ബിശ്വ, മൊസറഫ് ഹൊസെൻ എന്നിവരാണ് എറണാകുളത്ത് നിന്ന് പിടിയിലായവർ. നജ്‌മസ് സാക്കിബ്, അബു സുഫിയാൻ, മെെനുൽ മൊണ്ടാൽ, ലിയു യെൻ അഹമ്മദ്, അൽ മാമുൻ കമൽ, അതിതുർ റഹ്‌മാൻ എന്നിവരാണ് ബംഗാളിൽ നിന്ന് പിടിയിലായവർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.