ന്യൂഡല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. 2017 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 46 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി

1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.

കവി ജി.ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. പിന്നീട് തകഴി, എസ്.‌കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികളാണ്. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അക്കിത്തം പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.