കൊച്ചി: എകെജിക്കെതിരായ ബാലപീഡകൻ പരാമർശം നടത്തിയ വി.ടി.ബൽറാം എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ. രാജീഷ് ലീല ഏറാമലയാണ് കൊച്ചി കടവന്ത്ര പൊലീസിൽ പരാതി നൽകിയത്.

എന്നാൽ വി.ടി.ബൽറാം തൃത്താലയിലായതിനാൽ പരാതി ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് കടവന്ത്ര പൊലീസ് ഇന്നലെ വൈകിട്ട് രാജീഷ് ലീല ഏറാമലയെ അറിയിച്ചത്. തൃത്താല പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഫെയ്സ്ബുക്കിൽ പരാതിക്കാരൻ തന്റെ നിലപാട് അറിയിച്ചത്.

“സുഹൃത്തുക്കളെ ,

വി.ടി.ബല്‍റാമിനെതിരെ കൊടുത്ത പരാതി തൃത്താല സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട് എന്ന് കടവന്ത്ര എസ്ഐ പറയുന്നത് , ഓണ്‍ലൈന്‍ വഴി അയച്ച പരാതി അവിടെ എത്തിയില്ലാ എന്നുമാണ് തൃത്താല സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി. എന്തായാലും രണ്ടു ദിവസം കാത്തിരിക്കാമല്ലേ?

വിളിച്ചും മെസേജ് അയച്ചും പൂർണ പിന്തുണ നല്‍കിയ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സ്നേഹം. പൊലീസ് അനാസ്ഥ കാണിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കണമെന്നാണ് കരുതുന്നത്. ഒരു കാരണവശാലും പിന്നോട്ടില്ല. നിങ്ങളുടെ മുഴുവന്‍ സഹായസഹകരങ്ങളും ഉണ്ടാവണം”, രാജീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

സംഭവത്തിൽ സിപിഎം പോലും വി.ടി.ബൽറാമിനെതിരെ പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജീഷിന്റെ പരാതി.

അതേസമയം, ഇന്ന് വി.ടി.ബൽറാമിനെതിരായ പ്രതിഷേധ സൂചകമായി ഓൺലൈനിൽ കരിദിനം ആചരിക്കാൻ ഇടതുപക്ഷ അനുഭാവികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെയും വിമർശനവുമായി വി.ടി.ബൽറാം രംഗത്തെത്തിയിരുന്നു.

“നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ! കൊള്ളാം. കറുപ്പ്‌ നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തിരരഞ്ഞെടുത്തത്‌ ശുദ്ധ വംശീയതയാണ്‌. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്‌. സോഷ്യൽ മീഡിയയിലെ വംശീയവാദികൾക്ക്‌ ലാൽസലാം”, വി.ടി.ബൽറാം കുറിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ