തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ അക്രമണ കേസിലെ നിർണായക തെളിവായ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. പ്രതി ജിതിന്‍ സഞ്ചരിച്ച വാഹനമാണിത്. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നേരത്തെ, ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചു വെന്നാണ് ജിതിന്‍ നൽകിയിട്ടുള്ള മൊഴി.
ജൂലൈ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് മൺവിള സ്വദേശി ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ കുറ്റാരോപിതൻ സുഹൃത്തുക്കളോടും പ്രാദേശിക നേതാക്കളോടും വിവരം പറഞ്ഞു. സ്ഫോടക വസ്തു നിർമിക്കുന്നതിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്ഫോടകവസ്തു എറിഞ്ഞശേഷം ജിതിൻ അതേ സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തിയെന്നും തുടർന്ന് സ്വന്തം കാറിലാണു സഞ്ചരിച്ചെതന്നും സി സി ടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436 3 എ വകുപ്പാണു ജിതിനെതിരെ ചുമത്തിയിരിക്കുന്നത്.