തിരുവനന്തപുരം: : എ കെ ജി. സെന്റർ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് മൺവിള സ്വദേശി ജിതിനെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (അഞ്ച്) 14 ദിവത്തേക്ക് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജിതിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.
സ്ഫോടക വസ്തു എറിഞ്ഞതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യൂത്ത് കോണ്ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ കുറ്റാരോപിതൻ സുഹൃത്തുക്കളോടും പ്രാദേശിക നേതാക്കളോടും വിവരം പറഞ്ഞു. സ്ഫോടക വസ്തു നിർമിക്കുന്നതിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436 3 എ വകുപ്പാണു ജിതിനെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ ഒമ്പതോടെ ക്രൈംബ്രാഞ്ച് ഓഫീസിൽ ജിതിനെ ചോദ്യം ചെയ്യാൻ തുടങ്ങി. പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് നാലോടെ കോടതിയിൽ ഹാജരാക്കിയേക്കും. അതേസമയം, സ്ഫോടക വസ്തു എവിടെനിന്നാണു ലഭിച്ചതെന്നു ജിതിൻ വെളിപ്പെടുത്തിയിട്ടില്ലെന്നാണു ക്രൈം ബ്രാഞ്ച് വൃത്തങ്ങളിൽനിന്നുള്ള വിവരം.
ജൂലൈ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവിയിൽ നിന്ന് അക്രമി വണ്ടിയിൽ എത്തുന്നതും സ്ഫോടക വസ്തു എറിയുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അക്രമിയുടെ മുഖമോ വണ്ടി നമ്പറോ കൃത്യമായി ലഭിച്ചില്ല. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതാണ് തടസമായത്.
പ്രതി എത്തിയത് ചുവന്ന ഡിയോ സ്കൂട്ടറിലാണെന്ന് തിരിച്ചറിഞ്ഞതോടെ ജില്ലയിലെ അത്തരം സ്കൂട്ടറുകൾ കേന്ദ്രീകരിച്ചും പരിശോധന നടന്നിരുന്നു. സുഹൃത്തിന്റെ സ്കൂട്ടറിലാണു ജിതിൻ എത്തിയതെന്നാണു ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
സ്ഫോടകവസ്തു എറിഞ്ഞശേഷം ജിതിൻ അതേ സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തിയെന്നും തുടർന്ന് സ്വന്തം കാറിലാണു സഞ്ചരിച്ചെതന്നും സി സി ടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം, ജിതിനെ മനപ്പൂർവം പ്രതിയാക്കിയതാണെന്ന് അമ്മ ജിജി ആരോപിച്ചു. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ഇത് വിവാദമായതോടെ അയാളെ വിട്ടയക്കുകയും ചെയ്തിരുന്നു.സംഭവം നടക്കുന്ന സമയത്ത് വിശ്രമത്തിൽ ആയിരുന്ന പൊലീസുകാർക്കെതിരെ നടപടി ഇല്ലാതിരുന്നതും വിവാദമായി. സ്ഫോടനശബ്ദം തങ്ങൾ കേട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി.
സംഭവ നടന്ന ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതൽ പൊലീസ് സംശയിച്ചിരുന്നു. പക്ഷെ തട്ടുകടക്കാരന്റെ സിപിഎം ബന്ധം പുറത്തായതോടെ ആ വഴിക്കുള്ള അന്വേഷണവും നിർത്തിയെന്ന ആരോപണവും ഉയർന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.