scorecardresearch
Latest News

എകെജി സെന്റർ ആക്രമണ കേസ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെ കൂടി പ്രതിചേർത്തു

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക ടി.നവ്യ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്

congress worker, akg centre attack, ie malayalam

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ രണ്ടുപേരെ കൂടി പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക ടി.നവ്യ എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവരും ഒളിവിലാണ്.

എകെജി സെന്റർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഈ സ്കൂട്ടർ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണ്. സ്കൂട്ടറിലെത്തി എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിൻ ഗൗരിശപട്ടത്ത് മടങ്ങിയെത്തി. ഇവിടെവച്ച് നവ്യക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിൽ തിരികെ പോയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്നതന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിച്ചിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെയാണ് സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോയത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ജൂൺ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Akg centre attack case two more accused

Best of Express