scorecardresearch
Latest News

എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം

ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്

akg centre, cpm, ie malayalam

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. സിസിടി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ ഉടൻ കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഇന്നലെ രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതൻ ഓഫീസിനുനേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.

ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനം നിർത്തിയശേഷം കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് സ്ഫോടക വസ്തു എടുത്ത് എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പൊലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, വീണാ ജോര്‍ജ് തുടങ്ങിയവർ സ്ഥലത്തെത്തി. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തി അന്വഷണം തുടങ്ങി. എറിഞ്ഞത് പടക്കംപോലുള്ള സ്‌ഫോടകവസ്തുവാണെന്ന് കമ്മിഷണര്‍ പറഞ്ഞു.

സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎം-ഡിവൈഎഫ്ഐ, പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, എറിഞ്ഞത് ബോംബാണെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Akg center attack cctv footage