scorecardresearch
Latest News

കൊല്ലാൻ തീരുമാനിച്ചാൽ ഉമ്മവച്ച് വിടണോ?; ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്

നേരത്തെ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം പ്രാദേശിക നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു

കൊല്ലാൻ തീരുമാനിച്ചാൽ ഉമ്മവച്ച് വിടണോ?; ഷുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്
ഷുഹൈബ്, ആകാശ് തില്ലങ്കേരി

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. കൊല്ലാൻ തീരുമാനിച്ചാൽപിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്നായിരുന്നു ജിജോ തില്ലങ്കേരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ചുള്ള കമന്റിനു മറുപടിയായാണ് ജിജോ തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്.

നേരത്തെ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം പ്രാദേശിക നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നുമായിരുന്നു ആകാശ് വ്യക്തമാക്കിയത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലികിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും ആകാശ് പറഞ്ഞിരുന്നു.

അതേസമയം, ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്നാണ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയത്. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത് മാപ്പ് സാക്ഷിയാകാനുളള ശ്രമമാണെന്നും ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.

2018 ഫെബ്രുവരി 12 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Akash thillankeri s friend jijo thillankeri comment on shuhaib murder

Best of Express