കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തത് പൊലീസ് സ്റ്റേഷനിലേക്ക് പോകുംവഴിയെന്ന് പിതാവ് വഞ്ഞേരി രവി. പൊലീസ് വിളിച്ച പ്രകാരമാണ് സ്റ്റേഷനിലേക്ക് പോയത്. ആകാശും രജിനും നിരപരാധികളാണ്. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നു. ഇതിന് നാട്ടുകാർ സാക്ഷികളാണെന്നും രവി മനോരമ ന്യൂസിനോട് പറഞ്ഞു.
ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ല. വീടിനു സമീപത്തുനിന്നും ബോംബ് കണ്ടെടുത്തിരുന്നു. ഇത് ആകാശ് ഒളിപ്പിച്ചതാണെന്ന് ബിജെപി പ്രചാരണം നടത്തി. ഇതിൽ ഭയന്നാണ് ഒളിവിൽ പോയത്. ആകാശിനെ അറസ്റ്റ് ചെയ്തപ്പോൾ പാർട്ടിയെ സമീപിച്ചിരുന്നു. പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പറഞ്ഞതായും വഞ്ഞേരി രവി പറഞ്ഞു.
ആകാശും രജിനും മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതാണെന്നായിരുന്നു പാര്‍ട്ടിയുടെ അവകാശവാദം. എന്നാൽ ഇരുവരെയും വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതാണെന്നാണ് പൊലീസ് പറഞ്ഞത്. കേസിൽ ഇനി 3 പേരാണ് പിടിയിലാകാനുളളത്. ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ഇവർക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്.
അതേസമയം, ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്കിയാല് പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയ്യില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി.