scorecardresearch
Latest News

ഇരുപതിലെത്തി അക്ഷയ; പുതിയ സെന്ററിനായി അപേക്ഷിക്കുന്നതെങ്ങനെ?

അക്ഷയ ആരംഭിക്കാൻ ഒഴിവുകളുണ്ടോ എന്നറിയുന്നതാണ് പ്രധാനം. പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് അക്ഷയ കേന്ദ്രം ആരംഭിക്കാനായി അപേക്ഷ സമര്‍പ്പിക്കാം

ഇരുപതിലെത്തി അക്ഷയ; പുതിയ സെന്ററിനായി അപേക്ഷിക്കുന്നതെങ്ങനെ?

പല പല ആവശ്യങ്ങൾക്കായി വില്ലേജും പഞ്ചായത്തും കയറിയിറങ്ങി മടുത്തവർക്ക് ആശ്വാസമായിട്ടാണ് 2002 നവംബർ 18 ന് അക്ഷയ സെന്റർ സൈൻ ഇൻ ചെയ്തത്. സംസ്ഥാനത്തെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങളുടെ ലോകമാണ് അക്ഷയ തുറന്നു വച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആദ്യ അക്ഷയ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നത്. 20 വയസ് പിന്നിട്ട അക്ഷയകേന്ദ്രങ്ങളെക്കുറിച്ചറിയാം.

ആദ്യ കേന്ദ്രം മലപ്പുറത്ത്

ഇന്റർനെറ്റ് സാക്ഷരതയ്ക്കായി ആരംഭിച്ച പദ്ധതി രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമാണ് ഉദ്ഘാടനം ചെയ്തത്. അന്ന് ഐടി മന്ത്രിയായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് അക്ഷയ കേന്ദ്രങ്ങളുടെ പദ്ധതി മുന്നോട്ട് പോയത്.

ആദ്യം കേന്ദ്രം മലപ്പുറത്തായിരുന്നു. തുടക്കത്തിൽ ഇത്തരമൊരു സേവന കേന്ദ്രത്തിന്റെ പ്രസക്തിയെപ്പറ്റി പലരും ചോദ്യങ്ങൾ ഉന്നയിച്ചു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടെങ്കിലും എല്ലാവർക്കും സേവനം ഉറപ്പാക്കി അക്ഷയ തന്റെ നെറ്റ‌്‌വർക്ക് 14 ജില്ലകളിലും വിപുലീകരിച്ചു.

എത്ര കേന്ദ്രങ്ങൾ

കേരളത്തെ ശാക്തീകരിക്കുക, ‘കണക്‌റ്റിങ് ദി അൺകണക്ടഡ്’ വഴി 100% ഡിജിറ്റൽ സാക്ഷരതയാണ് ലക്ഷ്യമിട്ടത്. അക്ഷയ ഇപ്പോൾ 14 ജില്ലകളിലായി 2650ത്തിൽ അധികം കേന്ദ്രങ്ങൾ തുറന്നു.

അക്ഷയ നൽകുന്ന പ്രധാന സേവനങ്ങൾ

ആധാർ എൻറോൾമെന്റ്
ഇ-ജില്ലാ സേവനങ്ങൾ
യൂട്ടിലിറ്റി ബിൽ പെയ്മെന്റ്
റേഷൻ കാർഡ് അപേക്ഷകൾ
മോട്ടോർ വാഹന ലൈസൻസ് പെയ്മെന്റുകൾ
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന
ഇൻഷുറൻസ് ഏജൻസി ഓഫ് കേരള എൻറോൾമെന്റ്
കർഷകരുടെ ഡേറ്റാ എൻട്രി
തൊഴിലാളി ക്ഷേമ ബോർഡുകൾ ആധാർ സീഡിങ്
വാണിജ്യ നികുതി ഇ-ഫയലിങ്
ഫുഡ് ബിസിനസ് ഓപ്പറേറ്റർ രജിസ്ട്രേഷൻ
ഫാർമസിസ്റ്റ് രജിസ്ട്രേഷനുകൾ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് രജിസ്ട്രേഷൻ
ഹജ് രജിസ്ട്രേഷൻ
യൂണിവേഴ്സിറ്റ് ഫീസ് പേയ്മെന്റ്

ഗ്രാമങ്ങൾക്ക് ഇ- സാക്ഷരത

നഗരത്തെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് ജനങ്ങൾ സർക്കാർ സേവനത്തിനായി ബുദ്ധിമുട്ടിയിരുന്നത്. അവർക്ക് ആശ്വാസമായാണ് അക്ഷയ കേന്ദ്രങ്ങൾ എത്തിയത്. ദരിദ്ര കുടുംബങ്ങൾക്കുവേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറസ് പദ്ധതിയുടെ എൻറോൾമെന്റ് അക്ഷയയാണ് പൂർത്തിയാക്കിയത്.

ചിയാക് എന്ന് പേരിട്ടിരുന്ന പദ്ധതി 3 മാസം കൊണ്ടാണ് തീർത്തത്. 2011ൽ റവന്യു ഇ ഡിസ്ട്രിക്ട് പദ്ധതിക്കു കീഴിൽ ഉണ്ടായിരുന്ന 23 സേവനങ്ങളും അക്ഷയയ്ക്കു നൽകി. 2012ൽ ആധാർ, വാഹന ഇൻഷുറൻസ് സേവനങ്ങൾ കൂടി അക്ഷയയ്ക്കു ലഭിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള മസ്റ്ററിങ് ജോലികളും അക്ഷയയാണ് നടത്തിയത്.

അക്ഷയകേന്ദ്രത്തിനായി അപേക്ഷ നൽകേണ്ടത് എങ്ങനെ?

സേവനങ്ങൾ നൽകുന്നതിനൊപ്പം വരുമാനം മാർഗം കൂടിയാണ് അക്ഷയകേന്ദ്രങ്ങൾ. കമ്മീഷൻ / യൂസർ ഫീ വഴി ലഭിക്കുന്ന തുകയാണ് അക്ഷയ കേന്ദ്രം നടത്തുന്നവർക്കുള്ള വരുമാനം. അക്ഷയ കേന്ദ്രം ആരംഭിക്കാനായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. അക്ഷയ ആരംഭിക്കാൻ ഒഴിവുകളുണ്ടോ എന്നറിയുന്നതാണ് പ്രധാനം. ഒഴിവുകൾ അറിയാൻ http://aesreg.kemetric.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പത്രപരസ്യങ്ങൾ വഴിയും ഒഴിവുകൾ പ്രസിദ്ധപ്പെടുത്തും.

യോഗ്യത

പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് അക്ഷയ കേന്ദ്രം ആരംഭിക്കാനായി അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യതയായി പ്രീഡിഗ്രി/ പ്ലസ് 2 അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവരുമായിരിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ആരംഭിക്കാന്‍ കഴിയില്ല.

അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ രേഖ, പ്രായം, യോഗ്യത, വിലാസം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, നിശ്ചിത ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കില്‍ അത് സംബന്ധിച്ച രേഖകള്‍ (ഉടമസ്ഥാവകാശം/വാടക കരാര്‍) തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.

ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഒരപേക്ഷയില്‍ 3 ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം.

ഇവ നിർബന്ധം

300 ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടമാണ് കേന്ദ്രം തുടങ്ങാനായി ആവശ്യമായത്. മൂന്ന് കമ്പ്യൂട്ടറുകള്‍ നിര്‍ബന്ധമായും വേണം. ഇതില്‍ ഒന്ന് ലാപ്ടോപ്പായിരിക്കണം. പ്രിന്റര്‍, സ്ക്യാനർ, വെബ്ക്യാം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എന്നിവയും ഉണ്ടായിരിക്കണം.

പഞ്ചായത്തില്‍ പരമാവധി 4 അക്ഷയ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റിയില്‍ 6 അക്ഷയ കേന്ദ്രങ്ങളുമാണ് അനുവദിക്കുക. നിലവിലുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്ന് 2 കിലോ മീറ്റര്‍ മാറി വേണം പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കാന്‍.

തിരഞ്ഞെടുപ്പ് എങ്ങനെ?

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ സാമൂഹിക സംരംഭകത്വ അഭിരുചി പരീക്ഷ എഴുതണം.

അതിനുശേഷം അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കും. മൂന്ന് ഘട്ടങ്ങളിലേയും മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍, സ്ത്രീകള്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹത ഉണ്ട്.

അക്ഷയയിലെ വരുമാനം

ചെറുകിട സംരംഭങ്ങളായാണ് അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങൾക്കും മറ്റു സേവനങ്ങൾക്കുമുള്ള കമ്മീഷനാണ് പ്രധാന വരുമാനം. തുടക്കത്തിൽ പ്രവർത്തിക്കാനുള്ള മൂലധനം സംരംഭകൻ തന്നെ കണ്ടെത്തണം. ഇതിനായി ഗ്രാന്‍ഡ് ഉണ്ടായിരിക്കുന്നതല്ല.

സർക്കാർ അക്ഷയ അനുവദിക്കുന്നതെങ്ങനെ?

ജില്ലാ അക്ഷയ ഓഫീസിലും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങൾക്കായി നിർദേശം സമർപ്പിക്കും. കേന്ദ്രം ആരംഭിക്കുന്ന സ്ഥലം നിബന്ധനകൾ പാലിക്കുന്നതായി ബോദ്ധ്യപ്പെട്ടാൽ സംസ്ഥാന ഐടി മിഷന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും അനുമതിയോടെ പുതിയ അക്ഷയ കേന്ദ്രം അനുവദിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Akahaya centers 20th anniversery how to apply for starting a akshaya center