തിരുവനന്തപുരം: ലൈംഗീക ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ച് പുറത്തേക്ക് പോകുകയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മംഗളം ടെലിവിഷന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവെച്ചത്. രാജി തന്റെ കുറ്റസമ്മതമല്ലന്നും പാര്‍ട്ടിയുടേയും മുന്നണിയുടേയും അന്തസിന് കളങ്കം വരാതിരിക്കാനാണ് രാജിയെന്നുമാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്.

മന്ത്രിയുടെ ലൈംഗിക ചുവയുള്ള സംഭാഷണത്തിന്റെ സംപ്രേഷണം ധാര്‍മ്മികമാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. നിരവധി പേരാണ് മംഗളത്തിന്റെ നടപടി മാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണതയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനിടെയാണ് ചാനലിന്റെ ടെലിവിഷന്റെ ഔപചാരിക ഉദ്‌ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ശ്രദ്ധേയമാകുന്നത്. മാര്‍ച്ച് ആറിനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, മോഹന്‍ലാലുമൊക്കെ പങ്കെടുത്ത ചടങ്ങില്‍ ചാനലിന്റെ ഉദ്ഘാടനം നടന്നത്.

“റേറ്റിങ്ങില്‍ മുന്നിലെത്താന്‍ തുടക്കത്തിലേ ചില കുറുക്കുവഴികള്‍ ചിലര്‍ കാണിക്കാറുണ്ട്‌. സത്യസന്ധതയും സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടാണു ജനമനസില്‍ ഇടം നേടേണ്ടതെന്നും” അന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍നിര മലയാളപത്രങ്ങളില്‍ സ്വന്തം സ്‌ഥാനമുറപ്പിച്ച മംഗളം, വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും നിലനിര്‍ത്തി പ്രേക്ഷകമനസുകളിലും ഇടംനേടട്ടെയെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ആശംസിച്ചത്. ആരുടെയും പ്രീതിക്കുവേണ്ടി നില്‍ക്കരുത്‌. ആരെയും ഭയപ്പെടുത്താനുള്ളതുമാകരുത്‌ മാധ്യമപ്രവര്‍ത്തനം. ദിനപത്രം തുടങ്ങിയപ്പോള്‍ പുതിയൊരു പത്രത്തിന്‌ ഇടമുണ്ടോയെന്ന ചോദ്യമുയര്‍ന്നിരുന്നു.

പക്ഷേ, ചുരുങ്ങിയ കാലംകൊണ്ട്‌ ഇടമുണ്ടെന്നു തെളിയിക്കാന്‍ സ്ഥാപനത്തിന് സാധിച്ചു. അതുപോലെ പുതിയൊരു ചാനലിനും സ്വന്തം ഇടമുണ്ടെന്നു തെളിയിക്കേണ്ടതുണ്ട്‌. മംഗളത്തിന്‌ അതു സാധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Read More: ലൈംഗിക ആരോപണം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്‌. അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞത്. രാഷ്ട്രീയ യശസ്സ് ഉയർത്തിപ്പിടിക്കാനാണ് രാജിവയ്ക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ഏതു തരം അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു എന്ന് വ്യക്തമാക്കി. എനിക്ക് യാതൊരുവിധ അറിവുമില്ലാത്ത സംഭവമാണിത്. ധാർമികതയ്ക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി കുറ്റസമ്മതമല്ലെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Read More: കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനം; എലത്തൂരിൽനിന്നും പിണറായി മന്ത്രിസഭയിലേക്ക്

പിണറായി മന്ത്രിസഭയിൽ നിന്നും വിവാദങ്ങളിലുടെ പുറത്തുപോകേണ്ടിവരുന്ന രണ്ടാമത്തെ മന്ത്രിയാണ് എ.കെ.ശശീന്ദ്രൻ. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി.ജയരാജനാണ് വിവാദങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായതെങ്കിൽ ഇപ്പോൾ ഗതാഗത മന്ത്രിയായ എൻസിപി നേതാവായ എ.കെ.ശശീന്ദ്രനാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.

ജയരാജൻ ബന്ധുനിയമന വിവാദത്തിലാണ് രാജിവയ്ക്കേണ്ടി വന്നതെങ്കിൽ ലൈംഗിക അപവാദ ആരോപണത്തെ തുടർന്നാണ് ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നത്. ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേയ്ക്കു വന്നത് തന്നെ പാർട്ടിക്കുളളിൽ പൊട്ടിത്തെറി ഒരുവിധത്തിലാണ് ഒത്തുതീർപ്പാക്കിയത്. തോമസ് ചാണ്ടി മന്ത്രിയാകാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടി ശശീന്ദ്രനെ മന്ത്രിയാക്കാൻ തീരുമാനിച്ചതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ