തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റെ രാജിക്ക് വഴിവച്ച ടെലിഫോൺ സംഭാഷണം ഹണി ട്രാപ്പ് അഥവാ പെൺകെണിയാകാമെന്ന് നിഗമനം. ശശീന്ദ്രന്റെ ഓഫീസിൽ നിത്യ സന്ദർശകയായിരുന്ന സ്ത്രീയിലേക്ക് ആണ് പൊലീസിന്റെ സംശയം നീളുന്നത്. തിരുവനന്തപുരം സ്വദേശിയായ ഒരു സ്ത്രീയാണ് ശശീന്ദ്രനുമായി ഫോണിൽ നിരന്തര സമ്പർക്കം പുലർത്തിയിരുന്നത് എന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

കഴിഞ്ഞ ഏഴു മാസമായി ഈ സ്ത്രീ ശശീന്ദ്രന്റെ ഓഫീസിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ശശീന്ദ്രന് എതിരെയുണ്ടായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫെയ്സ്ബുക് പേജ് നീക്കിയെങ്കിലും ചില ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഫോൺ വിളിച്ചിരുന്ന ആളെ പൊലീസ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്.

യുവതിയുടെയോ ശശീന്ദ്രന്റെയോ രേഖാമൂലമുള്ള പരാതി ലഭിക്കാതെ ഔദ്യോഗിക അന്വേഷണം സാധിക്കില്ലെങ്കിലും മുഖ്യമന്ത്രിയെ എല്ലാ വിവരങ്ങളും പൊലീസ് ധരിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് ഇന്നു നടക്കുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ