തിരുവനന്തപുരം: തന്നെ കുടുക്കിയ സ്ത്രീയെ വെളിപ്പെടുത്തുമെന്ന് രാജിവെച്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ചാനല്‍ തന്നെ ഗൂഢാലോചന വെളിപ്പെടുത്തി രംഗത്തെത്തിയ സാഹചര്യത്തില്‍ പരാതി നല്‍കുന്നതിനെ കുറിച്ച് താനിപ്പോള്‍ ആലോചിക്കുന്നില്ലെന്നും സശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രയാസം നേരിട്ട ഘട്ടത്തില്‍ കുടുംബവും സമൂഹവും ഒപ്പം നിന്നു. മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും വാക്കുകളാണ് താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം വലിയ കാര്യമായി കാണുന്നില്ല. അങ്ങനെയാണെങ്കില്‍ രാജി വെക്കില്ലായിരുന്നു.. പ്രയാസത്തില്‍ കുടുംബവും മണ്ഡലത്തിലെ ജനങ്ങളും കൂടെ നിന്നു. ഇത് തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കി. മന്ത്രിയായി തിരിച്ചു വരുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

എന്നാല്‍ ശശീന്ദ്രന് പകരം പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ കൊണ്ടുവരുന്നതിൽ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ വ്യക്തമാക്കി. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച സംഭവത്തിന്റെ പുതിയ സാഹചര്യവും മുഖ്യമന്ത്രിയുമായി സംസാരിച്ചു. മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് അവസാന വാക്ക് മുഖ്യമന്ത്രിയുടേതാണ്. ഇന്ന് എൽ.ഡി.എഫ് യോഗം ചേരുന്നുണ്ട്. താനും യോഗത്തിൽ പങ്കെടുക്കും. ചാനൽ തെറ്റ് തിരുത്തിയത് നല്ല കാര്യമാണ്. ഇനിയും പശ്ചാത്തപിക്കട്ടെ എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ