തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി അധ്യക്ഷൻ ടി.പി.പീതാംബരൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി ചടങ്ങിൽ പങ്കെടുത്തില്ല.

ഫോൺകെണി വിവാദത്തെ തുടർന്ന് രാജിവച്ച എൻസിപി നേതാവ് ശശീന്ദ്രൻ 10 മാസത്തിനുശേഷമാണ് മന്ത്രിപദത്തിലേക്ക് തിരികെയെത്തുന്നത്. ഫോൺകെണി വിവാദത്തിൽ പരാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് തിരികെ എത്താൻ ഇടയാക്കിയത്.

2016 മെയ് 25 നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2017 മാർച്ച് 26 ന് ഫോൺ കെണി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് രാജിവച്ചു. മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് ശശീന്ദ്രന് കേസിൽ അനുകൂല വിധി വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ