/indian-express-malayalam/media/media_files/uploads/2017/03/Thomas-Chandy.jpg)
തിരുവനന്തപുരം: ലൈംഗിക ഫോൺ സംഭാഷണ വിവാദത്തിൽ എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ മന്ത്രിയാകാൻ കച്ചമുറുക്കി തോമസ് ചാണ്ടി രംഗത്ത്. എ.കെ.ശശീന്ദ്രൻ രാജിവയ്ക്കേണ്ടി വന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയാകാൻ പ്രാപ്തിയുള്ളവർ എൻസിപിയിൽ ഉണ്ടെന്നും ഇത് മറ്റാരും ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"എൻസിപിയുടെ വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിൽ വിയോജിപ്പില്ല. മറ്റാർക്കും വകുപ്പ് കൈമാറാൻ അനുവദിക്കില്ല. മാത്യു ടി. തോമസോ മറ്റേതെങ്കിലും ഘടകക്ഷി മന്ത്രിമാരോ വകുപ്പ് ഏറ്റെടുക്കേണ്ട സാഹചര്യമില്ല. വകുപ്പ് കൈകാര്യം ചെയ്യാൻ കഴിവുള്ളവർ എൻസിപിയിലുണ്ട്." അദ്ദേഹം പറഞ്ഞു.
"ശശീന്ദ്രൻ രാജിവച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഇല്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തിൽ വ്യക്തമാകുമല്ലോ. ഇങ്ങിനെയൊരു സാഹചര്യമുണ്ടായാൽ എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാമെന്നും" തോമസ് ചാണ്ടി വ്യക്തമാക്കി.
തനിക്ക് ഗൾഫിൽ അഞ്ച് സ്കൂളുകളുണ്ട്. മൂന്നാം തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട താൻ അവിടെയും ഇവിടെയും മാറി മാറി യാത്ര ചെയ്താണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഒരു പെട്ടിയും തൂക്കി ഗൾഫിലേക്ക് പോയതാണ്. നല്ല രീതിയിൽ ഇന്ന് എന്റെ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നുണ്ട്. ആ എനിക്ക് മന്ത്രിസ്ഥാനവും നന്നായി മുന്നോട്ട് കൊണ്ടുപോകാനറിയാം.
"മന്ത്രിസ്ഥാനം എൻസിപിയ്ക്ക് അവകാശപ്പെട്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. മന്ത്രി ആരാകണമെന്ന കാര്യം എൻസിപി തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞതാണ്.- തോമസ് ചാണ്ടി പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് എൻസിപി സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്ന് എത്തിയതായിരുന്നു തോമസ് ചാണ്ടി. ഇതോടെ എൻസിപിയ്ക്കകത്ത് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.