ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ എ.കെ.ശശീന്ദ്രന്റേത് എന്ന് കരുതപ്പെടുന്ന സ്വകാര്യ ഫോണ്‍ സംഭാഷണം മംഗളം ചാനല്‍ പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് എന്‍സിപി നേതാവും കൂടിയായ മന്ത്രി രാജി വച്ചത്. ചാനല്‍ കരുതിക്കൂട്ടിയൊരുക്കിയ കെണിയില്‍ മന്ത്രി ചെന്ന് പെടുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം മംഗളത്തില്‍ നിന്നും രാജി വച്ചൊഴിഞ്ഞ റിപ്പോര്‍ട്ടര്‍ അൽ നീമ അഷ്‌റഫ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.
താനുള്‍പ്പെടുന്ന റിപ്പോര്‍ട്ടര്‍ ടീമിനോട് ‘എന്ത് വഴിയുപയോഗിച്ചും ഈ ലിസ്റ്റിലുള്ളവരെ കുടുക്കണം എന്നാവശ്യപ്പെട്ടു. മന്ത്രിയുള്‍പ്പെടെ അഞ്ചു പേര്‍ ഉണ്ടായിരുന്ന ലിസ്റ്റില്‍ ഒരു പ്രമുഖ സ്ത്രീയും ഉണ്ടായിരുന്നതായി അൽ നീമ ഓര്‍ക്കുന്നു. ഇങ്ങനെയുള്ള അധാർമ്മിക നടപടികളാണ് തന്‍റെ രാജിയിലേക്ക് നയിച്ചത് എന്നും അൽ നീമ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാവിലെ വന്ന ചാനല്‍ വാര്‍ത്തയെത്തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ വൈകുന്നേരത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ്, കുട്ടികള്‍ക്ക് അനുയോജ്യമായതല്ല എന്ന മുന്നറിയിപ്പോടു കൂടിയാണ് മംഗളം സംപ്രേക്ഷണം ചെയ്തത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഒരു വനിതാ റിസപ്ഷനിസ്റ്റ് എ.കെ.ശശീന്ദ്രനുമായി നടത്തിയ അഭിമുഖത്തിന്‍റെ ഷൂട്ടിങ് റഷ് (എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള പതിപ്പ്) താന്‍ കണ്ടിരുന്നു എന്നും അൽ നീമ പറയുന്നു.
Read More: മന്ത്രിയെ കുടുക്കിയത് അഞ്ചംഗ റിപ്പോർട്ടർ സംഘം? മംഗളത്തിൽ നിന്നും മാധ്യമപ്രവർത്തക രാജിവച്ചു
എംജി സർവകലാശാലയില്‍ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ 24 കാരിയായ അൽ നീമ അഷ്‌റഫ് ഉള്‍പ്പെടുന്ന അഞ്ചംഗ അന്വേഷണ സംഘത്തിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനേയും ചേര്‍ക്കുകയായിരുന്നു. നാല് വനിതാ റിപ്പോര്‍ട്ടര്‍മാരും ഒരു പുരുഷ റിപ്പോര്‍ട്ടറും അടങ്ങുന്നതായിരുന്നു ആ അന്വേഷണ സംഘം. എല്ലാവരും ചെറുപ്പക്കാര്‍.
‘ജൂണ്‍ 2016 ല്‍ ചാനല്‍ ടെസ്റ്റ് റണ്‍ തുടങ്ങിയത് മുതല്‍ പലതരം പ്രോഗ്രാമുകളിലായി ജോലി ചെയ്തു വന്നിരുന്ന ഞങ്ങള്‍ അഞ്ചു പേരെ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനായി തിരഞ്ഞെടുക്കുകയായിരുന്നു. ചാനല്‍ സിഇഒ ആയ അജിത് കുമാറും മറ്റു രണ്ടു സീനിയര്‍ എഡിറ്റര്‍മാരുമായിരുന്നു ടീമിന് നേതൃത്വം നല്‍കിയിരുന്നത്. ടീമിന്‍റെ ഒരു മീറ്റിങ്ങില്‍ വച്ച് ലക്ഷ്യം വയ്ക്കേണ്ടതായ പ്രമുഖരുടെ ലിസ്റ്റ് കൈമാറി. ഇവര്‍ വള്‍നെറബിള്‍ ആണെന്നും എളുപ്പത്തില്‍ കുടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞാണ് അത് തന്നത്.’
‘എക്സ്ക്ലൂസീവ് വാര്‍ത്ത കിട്ടാനായി എന്ത് വഴിയും ഉപയോഗിച്ചു കൊള്ളാനായിരുന്നു നിര്‍ദ്ദേശം. ഓരോരുത്തര്‍ക്കും അവര്‍ ലക്ഷ്യം വയ്ക്കേണ്ട പേരും അവരുടെ കോണ്ടാക്റ്റ് വിവരങ്ങളും നല്‍കി. ലിസ്റ്റില്‍ ഉള്ള സ്ത്രീയെ, ടീമിലുള്ള പുരുഷ റിപ്പോര്‍ട്ടറാണ് കുടുക്കേണ്ടത് എന്ന സൂചനയും നല്‍കി.’
‘ഈ ഉദ്യമത്തെ ഞാന്‍ അപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു, എന്നാല്‍ എന്‍റെ അഭിപ്രായഭിന്നത അവര്‍ തള്ളിക്കളയുകയായിരുന്നു. അത് കൊണ്ടായിരിക്കാം എന്നെ ഒഴിവാക്കിക്കൊണ്ട് ബാക്കി നാല് പേര്‍ക്ക് മാത്രമേ ആ മീറ്റിങ്ങില്‍ ടാര്‍ഗറ്റുകള്‍ നല്‍കിയുള്ളൂ. എനിക്കുള്ള കൃത്യം കുറച്ചു കഴിഞ്ഞാവും തരിക എന്ന് എഡിറ്റര്‍മാരിലൊരാള്‍ പറഞ്ഞു.’
‘കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ മന്ത്രി ശശീന്ദ്രനുമായുള്ള അഭിമുഖത്തിന്‍റെ റഷ് കാണുന്നത്. റിസപ്ഷനിസ്റ്റായി വന്നു റിപ്പോര്‍ട്ടര്‍ ആയി തീര്‍ന്ന ആ പെണ്‍കുട്ടിയാണ് അഭിമുഖം നടത്തിയത്. മറ്റൊരു ടീം മെംബറും ഈ അഭിമുഖം റെക്കോര്‍ഡ് ചെയ്യുന്നതില്‍ പങ്കെടുത്തിരുന്നു.’
ഈ ടീം അംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സമ്മതമല്ല എന്ന് അൽ നീമ കൂട്ടിച്ചേര്‍ത്തു.
‘എന്‍റെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എന്നെ ടീമിന്‍റെ എല്ലാ പ്രവര്‍ത്തി-തീരുമാനങ്ങളില്‍ നിന്നും അകറ്റിയിരുന്നു. എങ്കിലും നടക്കുന്നതെന്താണെന്ന് പലപ്പോഴും സൂചനകള്‍ ലഭിച്ചിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ എന്‍റെ രണ്ടു വനിതാ സഹപ്രവര്‍ത്തകരോട് ഇത്തരം അണ്‍ എത്തിക്കല്‍ ജേർണലിസത്തിന് കൂട്ട് നില്‍ക്കരുത് എന്ന് പറയുകയും ചെയ്തിരുന്നു.’ അൽ നീമ പറഞ്ഞു.
ഈ വിഷയത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മംഗളം ചാനലുമായി ബന്ധപെട്ടപ്പോള്‍ സിഇഒ അജിത് കുമാര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു ടീം തന്നെയുണ്ടായിരുന്നില്ല എന്ന് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഋഷി കെ.മനോജ് പറഞ്ഞു. ചീഫ് റിപ്പോര്‍ട്ടറായ ജയചന്ദ്രന്‍ എന്ന എസ്.നാരായണന്‍, ‘അണ്‍ എത്തിക്കലായ ഒരു കാര്യവും ചാനല്‍ പ്രവര്‍ത്തകര്‍ ചെയ്തിട്ടില്ല’ എന്നും അവകാശപ്പെട്ടു.
ഈ സംഭവം മലയാളത്തിലെ ഒരു പ്രമുഖ പത്രം മുന്‍ പേജില്‍ വാര്‍ത്തയാക്കിയപ്പോള്‍ സംഗതി മാറി. മന്ത്രിയോട് ഫോണില്‍ സംസാരിച്ച് കുടുക്കിയ പെണ്‍കുട്ടി അൽ നീമാ ആണെന്ന് വിവക്ഷിക്കുന്ന തരത്തിലായിരുന്നു ആ വാര്‍ത്ത. അതാണ് തന്‍റെ രാജിക്ക് പിന്നിലെ മുഖ്യ കാരണമെന്ന് അവര്‍ പറയുന്നു.
‘കൊല്ലത്ത് നിന്നുള്ള വനിതാ റിപ്പോര്‍ട്ടറാണ് മന്ത്രിയെ കുടുക്കിയത് എന്ന തരത്തിലായിരുന്നു പത്രത്തിലും വെബ്‌സൈറ്റിലും വന്ന വാര്‍ത്ത. എന്നിലേക്ക് നയിക്കാന്‍ പാകത്തിനുള്ള പേഴ്സണൽ സൂചനകളും അതിലുണ്ടായിരുന്നു.
ഇതില്‍ കണ്ടു മുതിര്‍ന്ന പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള എന്‍റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. ഇങ്ങനെയൊരു ആരോപണം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം മുഴുവന്‍ മുറിയില്‍ ഇരുന്നു കരഞ്ഞിട്ടാണ് ആ തീരുമാനത്തിലേക്ക് എത്തിയത്.’
രാജി വയ്ക്കുന്ന വിവരം അറിയിച്ചപ്പോള്‍ ‘ചാനലിനെതിരെ തിരിഞ്ഞു വാര്‍ത്തക്കൊരുങ്ങുകയാണോ’ എന്നാണു സിഇഒ അജിത് കുമാര്‍ ചോദിച്ചത്.’
പ്രശ്നമുണ്ടാക്കാതെ ഒഴിഞ്ഞു പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും അൽ നീമ കൂട്ടിച്ചേര്‍ത്തു.
‘ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല.’ എന്ന് അവസാനിക്കുന്ന ഒരു പോസ്റ്റിലൂടെ തന്‍റെ രാജി വിവരം അൽ നീമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ന്യൂസ് അസൈന്‍മെന്റുകള്‍ക്ക് പത്രപ്രവര്‍ത്തകരല്ലാത്തവരെ ഉപയോഗിച്ചു എന്ന ആരോപണം തെറ്റാണെന്ന് അജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയോട് സംസാരിച്ച പെണ്‍കുട്ടി ആരാണെന്ന് വെളിപ്പെടുത്താനും അജിത് വിസമ്മതിച്ചു.
‘ഞങ്ങള്‍ക്ക് ഒരു ടേപ്പ് ലഭിച്ചു. അതില്‍ കേട്ടത് മന്ത്രിയുടെ ശബ്ദമാണെന്ന് ഉറപ്പിച്ചപ്പോള്‍ സംപ്രേക്ഷണം ചെയ്തു. ആളുകളെ കുടുക്കാനായി പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു ടീം ഉണ്ടാക്കി എന്നൊക്കെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. മറ്റൊരു ചാനലില്‍ കൂടിയ ശമ്പളത്തിന് ജോലി ലഭിച്ചത് കൊണ്ടാണ് അൽ നീമ രാജി വച്ചത്’, അജിത് പറയുന്നു.
‘എന്തൊക്കെ പറഞ്ഞാലും, മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നത് ന്യായീകരിക്കാനാവില്ല. വാര്‍ത്തയുണ്ടാക്കാനായി ഒരാളെ ലക്ഷ്യം വച്ച് കുടുക്കുന്നതിന് ഞാനും എതിരാണ്. ജുഡീഷ്യല്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും’, എന്നും അജിത് കൂട്ടിച്ചേര്‍ത്തു.
കുടുക്കേണ്ടവരുടെ ലിസ്റ്റ് കൈമാറി എന്ന് കരുതപ്പെടുന്ന സീനിയര്‍ എഡിറ്റര്‍ മനോജും അങ്ങനെ ഒരു ടീം തന്നെ ഉണ്ടായിരുന്നില്ല എന്ന് അവകാശപ്പെടുന്നു. .
‘ചാനല്‍ തുടങ്ങുന്നതിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ചില മീറ്റിങ്ങുകള്‍ നടന്നിട്ടുണ്ട്. കാരണം എക്സ്ക്ലൂസീവ് വാര്‍ത്തകള്‍, രാഷ്ട്രീയക്കാരും വിഐപികളും ഉള്‍പ്പെടുന്ന അഴിമതി, സ്വജനപക്ഷപാതം എന്നിങ്ങനെയുള്ളവ ന്യൂസ് ചാനലിന് ആവശ്യമുള്ളതാണ്.’
മറ്റൊരു സീനിയര്‍ എഡിറ്ററായ ജയചന്ദ്രന്‍ പറയുന്നതിങ്ങനെ, ‘ ട്രയൽ സംപ്രേക്ഷണം നടക്കുന്ന കാലത്ത് ചാനലില്‍ റിപ്പോര്‍ട്ടര്‍മാരായി ഉണ്ടായിരുന്നവരില്‍ പലരും ചെറുപ്പക്കാരും തുടക്കക്കാരുമായിരുന്നു.അവര്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുതിയ ആശയങ്ങളും ചോദിക്കുമ്പോള്‍ കൊടുത്തിരുന്നു. അല്ലാതെ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ് ടീമൊന്നും ഉണ്ടായിട്ടില്ല. ഋഷി കെ.മനോജിന്‍റെ നേതൃത്വത്തിലുള്ള ക്രൈം റിപ്പോര്‍ട്ടിങ് ടീം ആയിരുന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. അണ്‍ എത്തിക്കലായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു മീറ്റിങ്ങിലും ആവശ്യപ്പെട്ടിട്ടില്ല.’
മംഗളം വാര്‍ത്ത മന്ത്രിയുടെ രാജിയോടു കൂടി അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായ അനന്തരഫലങ്ങളാണ് ഈ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഇന്റര്‍വ്യൂ ചോദിച്ചു ചെന്ന വനിതാ പത്രപ്രവര്‍ത്തകയോട് ‘എന്നെ ശശീന്ദ്രനാക്കാനാണോ ഉദ്ദേശം?’ എന്ന് രാഷ്ട്രീയക്കാര്‍ ചോദിക്കുന്ന അവസ്ഥയിലാണ് ഇന്ന് കേരളത്തിന്‍റെ മാധ്യമലോകം.
ന്യൂസ് 18 റിപ്പോര്‍ട്ടറായ സുവി വിശ്വനാഥനാണ് ഈ ദുരനുഭവമുണ്ടായത്. സിപിഎം നേതാവും മുന്‍ എംപിയുമായ ടി.കെ.ഹംസയാണ് അഭിമുഖം ചോദിച്ച വേളയില്‍ സുവിയോടു ഇങ്ങനെ പ്രതികരിച്ചത്.
‘അഭിമുഖത്തിനു സമയം ചോദിച്ചപ്പോള്‍ ‘എന്നെ ശശീന്ദ്രനാക്കാനാണോ ഉദ്ദേശം?’ എന്ന മറുചോദ്യമാണുണ്ടായത്. ഒരു പുരുഷ റിപ്പോര്‍ട്ടറെ അയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാനും ക്യാമറമാനുമായിരിക്കും വരുക എന്ന് പറഞ്ഞതിനെ അദ്ദേഹം എതിര്‍ത്തു. ഇത് ന്യായമല്ല, നിങ്ങളെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ സംസാരിക്കരുത് എന്ന് ഞാന്‍ പ്രതികരിച്ചപ്പോള്‍, മുതിര്‍ന്നത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.’