തിരുവനന്തപുരം: മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ കുടുക്കിയ വിവാദ ഫോൺ സംഭാഷണ വിഷയത്തിൽ ചാനൽ മേധാവി ഉൾപ്പെടെ 9 പേർക്കെതിരെ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ചാനൽ സിഇഒ അജിത് കുമാർ ഉൾപ്പടെയുളളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഐടി ആക്‌ട്, ഗൂഡാലോചന, വ്യാജരേഖ ചമയ്‌ക്കൽ, ഇലക്‌ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണ് ചാനൽ അധികൃതർ ഉൾപ്പെടെയുളളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേർ നൽകിയ പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റേത് എന്ന പേരിൽ ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. വാർത്ത വന്നതിനെത്തുടർന്ന് മന്ത്രി സ്ഥാനം ശശീന്ദ്രൻ രാജി വയ്‌ക്കുകയും ചെയ്‌തിരുന്നു.

എന്നാൽ വാർത്ത സ്റ്റിങ്ങ് ഓപ്പറേഷന്രെ ഭാഗമായിരുന്നുവെന്നും ചാനൽ ആദ്യം പറഞ്ഞിരുന്നതുപോലെ വീട്ടമ്മയല്ല മന്ത്രിയെ വിളിച്ചത്, ചാനലിലെ തന്നെ ഒരു മാധ്യമ പ്രവർത്തകയാണെന്നും ഇന്നലെ മംഗളം ചാനൽ സിഇഒ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഒരു വാർത്ത സംപ്രേക്ഷണം  ചെയ്‌തതിൽ നിർവ്യാജം ഖേദവും പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ആർക്കെതിരെയും പരാതി നൽകാൻ താനില്ലെന്ന് ശശീന്ദ്രൻ അറിയിച്ചു. എന്നാൽ തന്നെ കുടുക്കിയ സ്ത്രീ ആരെന്ന് വെളിപ്പെടുത്തുമെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് ഇനി താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.കെ.ശശീന്ദ്രന് പകരം ഗതാഗത മന്ത്രി സ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ എൻസിപി നേതൃത്വം തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ