തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റേതായി പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിട്ടയേര്‍ഡ് ജസ്റ്റിസ് പി.എസ്.ആന്റണി ആണ് കമ്മീഷന്‍ അധ്യക്ഷന്‍. എറണാകുളം കാക്കനാട് സ്വദേശിയായ ആന്റണി 2016 ഒക്ടോബറിലാണ് വിരമിച്ചത്.

സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോർഡ് ചെയ്ത് പ്രസ്തുത സംഭാഷണം പിന്നീട് ദുരുദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷൻ അന്വേഷിക്കും. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കണം.

ഫോണ്‍ സംഭാഷണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അന്വേഷണ ചുമതല ആർക്കാണെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാർമികതയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രൻ രാജിവച്ചത്. കുറ്റമേറ്റെടുത്തല്ല രാജിവച്ചതന്നും പിണറായി വ്യക്തമാക്കിയിരുന്നു.

ലൈംഗിക ചുവയോടെ ഫോണിൽ സംസാരിച്ചു എന്ന ആരോപണത്തെത്തുടർന്നാണ് എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. മന്ത്രിയുടേതെന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാർത്താസമ്മളനം വിളിച്ചു കൂട്ടി ശശീന്ദ്രൻ രാജിക്കാര്യം അറിയിച്ചത്.

അതേസമയം, എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എൻസിപി നേതൃയോഗം നിർദേശിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇക്കാര്യം മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും ധരിപ്പിക്കുമെന്നു പ്രസിഡന്റ് ഉഴവൂർ വിജയൻ ഇന്നലെ പറഞ്ഞു. രാജിവച്ച ശശീന്ദ്രൻ തന്നെയാണു യോഗത്തിൽ തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തിരക്കിട്ടു തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിലപാട്. എൻസിപി പാർലമെന്ററി ബോർഡ് തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്നു കണ്ടാൽ ശശീന്ദ്രൻ തന്നെ മന്ത്രിസഭയിലേക്കു തിരികെ വരുമെന്നും ശരദ്പവാർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ