തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. ജുഡീഷ്യൽ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്റയുമായും ആഭ്യന്തര സെക്രട്ടറിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.

സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എൻസിപി നേതൃത്വവും എ.കെ.ശശീന്ദ്രനും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മന്ത്രിയെ മനഃപൂർവം കുടുക്കിയതാണോ, ഇത്തരത്തിൽ ഒരു പരാതിക്കാരിയുണ്ടോ, അങ്ങനെയുണ്ടെങ്കിൽ പരാതിക്കാരിയും മന്ത്രിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന.

ലൈംഗിക ചുവയോടെ ഫോണിൽ സംസാരിച്ചു എന്ന ആരോപണത്തെത്തുടർന്നാണ് എ.കെ.ശശീന്ദ്രൻ ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ചത്. മന്ത്രിയുടേതെന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനൽ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാർത്താസമ്മളനം വിളിച്ചു കൂട്ടി ശശീന്ദ്രൻ രാജിക്കാര്യം അറിയിച്ചത്.

അതേസമയം, ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ പകരം മന്ത്രിയെ ഉടൻ നിയോഗിച്ചേക്കില്ല. ശശീന്ദ്രനെതിരെ ഉയർന്ന ആരോപണത്തിന്റെ നിജസ്ഥി മനസ്സിലാക്കിയശേഷം ഇക്കാര്യത്തിൽ തീരുമാനം മതിയെന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയാണ് അതുവരെ വകുപ്പ് കൈകാര്യം ചെയ്യുക. എന്നാൽ മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതാണെന്നാണ് ദേശീയ നേതൃത്വം പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ