തിരുവനന്തപുരം:​ മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോൺ വിളി വിവാദത്തിൽ ചാനൽ രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ ശേഖരിച്ച രേഖകളും ഓഡിയോ ക്ലിപ്പുകളുമാണ് കോടതിയിൽ ഹാജരാക്കുന്നത്.

ചാനലിന്റെ സെർവറിൽ നിന്നുള്ള വിവരങ്ങൾ അടക്കം ഇന്നലെ പരിശോധിച്ചിരുന്നു. എന്നാൽ കേസിൽ പ്രതിസ്ഥാനത്തുള്ള മംഗളം ചാനൽ സിഇഒ അടക്കം ഒൻപത് മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ക്രൈം ബ്രാഞ്ചിന് ഇനിയും സാധിച്ചിട്ടില്ല.

ഇന്നലെ നടന്ന പരിശോധനയിൽ ചാനലിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘം ചാനൽ അധികൃതരോട് വാങ്ങി. ഞായറാഴ്ചയും ചാനൽ ഓഫീസിൽ സംഘം പരിശോധന നടത്തിയിരുന്നു.

അതേസമയം അന്വേഷണത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്കും വിവാദത്തിൽ പങ്കുണ്ടെന്നാണ് സംശയം. ഇന്നലെ ചേർന്ന അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു.

വിവാദവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ഞായറാഴ്ച വരെ ഹാജരാകാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ പ്രതികൾ ഹാജരായില്ല. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

തിടുക്കപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം എന്നാണ് വിവരം. മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയാൽ മാത്രമേ ഇനി ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തൂ എന്നാണ് വിവരം. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് ഉന്നത തലത്തിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ