കൊച്ചി: മുൻ മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണ വിവാദത്തിൽ ചാനൽ ജീവനക്കാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചാനൽ നൽകിയ ഹർജി തളളിക്കൊണ്ടാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്.
“പ്രതികൾ കോടതിയിൽ ഹാജാരാകാതിരുന്നത് നിയമം അനുസരിക്കുന്നില്ലെന്നതിന്റെ തെളിവാണ്” എന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പു പറയാൻ സാധിക്കില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. സംഭവത്തിൽ പ്രതികളുടെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവും. ഇതോടെ മംഗളം ചാനൽ സിഇഒ അടക്കം മുതിർന്ന മാധ്യമപ്രവർത്തകരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട അശ്ലീല ഫോൺ സംഭാഷണ വിഷയത്തിൽ ചാനൽ മേധാവി ഉൾപ്പെടെ 9 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ചാനൽ സിഇഒ അജിത് കുമാർ അടക്കമുളളവരാണ് കേസിലെ പ്രതികൾ. ഐടി ആക്ട്, ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രാഥമിക അന്വേഷണ റിപ്പോട്ടിൽ ചുമത്തിയിരിക്കുന്നത്.
ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റേത് എന്ന പേരിൽ ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. വാർത്ത വന്നതിനെത്തുടർന്ന് മൂന്ന് മണിക്കൂറിനകം മന്ത്രി സ്ഥാനം എ.കെ.ശശീന്ദ്രൻ രാജി വച്ചിരുന്നു.
എന്നാൽ വാർത്ത സ്റ്റിങ്ങ് ഓപ്പറേഷന്രെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കി മാപ്പ് അപേക്ഷിച്ച് ചാനൽ മേധാവി അജിത്ത് കുമാർ തന്നെ രംഗത്ത് വന്നിരുന്നു. വാർത്ത പുറത്തുവിട്ടപ്പോൾ ചാനൽ ആദ്യം പറഞ്ഞിരുന്നതു പോലെ വീട്ടമ്മയല്ല മന്ത്രിയെ വിളിച്ചതെന്നും തങ്ങളുടെ തന്നെ മാധ്യമ പ്രവർത്തകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ ചാനലിലെ ആർക്കെതിരെയും പരാതി നൽകില്ലെന്ന് മുൻമന്ത്രി എകെ ശശീന്ദ്രൻ നിലപാടെടുത്തിരുന്നു.
ശശീന്ദ്രന്റെ രാജിയോടെയാണ് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി എൻ.സി.പി അംഗമായി മന്ത്രിസഭയിലെത്തിയത്. നേരത്തേ എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
ആക്ഷേപമുയർന്നപ്പോൾ തന്നെ ജുഡീഷ്യൽ അന്വേഷണത്തിന് മന്ത്രിസഭ യോഗം ചേർന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ വനിതാ മാധ്യമപ്രവർത്തകരടക്കം പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെയാണ് കേസ് അന്വേഷിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.