കൊച്ചി: ഫോൺ കെണി കേസിൽ നിന്ന് മുക്തനായതോടെ എകെ ശശീന്ദ്രനെ തിരികെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാൻ എൻസിപിയിൽ തിരക്കിട്ട ചർച്ച. നാളെ തന്നെ എൻസിപിയിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.

ദേശീയ നേതൃത്വവുമായി സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയ ശേഷം ഇക്കാര്യം ഇടതുമുന്നണിയെ അറിയിക്കും. ഈ ബജറ്റ് സമ്മേളന കാലത്ത് തന്നെ എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനുളള നീക്കമാണ് നടക്കുന്നത്.

അതേസമയം പാർട്ടിക്കകത്ത് നിന്ന് തന്നെ എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ നീക്കങ്ങൾ നടക്കുന്നതായും സംശയിക്കുന്നുണ്ട്. ഇന്നലെ ഫോൺ കെണി കേസിൽ പരാതിക്കാരിയുടെ മൊഴിമാറ്റം ഭീഷണി മൂലമാണെന്ന ഹർജി സമർപ്പിച്ചതിന് പിന്നിൽ തോമസ് ചാണ്ടിയാണോയെന്ന് എൻസിപിക്ക് അകത്ത് സംശയമുണ്ട്.

നിലവിൽ രാജ്യത്തെ ഒരു സംസ്ഥാനത്തിലും എൻസിപിക്ക് മന്ത്രിപദവിയില്ല. കേരളത്തിൽ മാത്രമാണ് മന്ത്രിസ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ആദ്യം ഫോൺ കെണി കേസിൽ അകപ്പെട്ട് ശശീന്ദ്രനും പിന്നാലെ വന്ന തോമസ് ചാണ്ടി കായൽ കൈയ്യേറ്റ കേസിലും അകപ്പെട്ട് പുറത്തുപോയതോടെയാണ് മന്ത്രിസ്ഥാനം നഷ്ടമായത്.

മന്ത്രിസ്ഥാനത്തെ കുറിച്ച് എൻസിപി തന്നെ ആദ്യം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഇടതുമുന്നണി. ഇന്നലെ തന്നെ ഇക്കാര്യം എൻസിപിയെ അറിയിച്ചിരുന്നു. എൻസിപി അറിയിക്കുന്ന പക്ഷം എകെ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിന് ഇടതുമുന്നണി യോഗം ചേർന്ന് അംഗീകാരം നൽകിയേക്കും.

തോമസ് ചാണ്ടിയുടെ കാര്യത്തിൽ ഇടഞ്ഞുനിന്ന സിപിഐക്ക് എകെ ശശീന്ദ്രനോട് എതിർപ്പില്ല. ഇത് മുന്നണിയിൽ അനുകൂല തീരുമാനത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ