തിരുവനന്തപുരം: മുൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ബന്ധപ്പെട്ട ജുഡീഷൽ അന്വേഷണത്തിൽ ടേംസ് ഓഫ് റഫറൻസായി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് അടക്കമുള്ള അഞ്ചു കാര്യങ്ങളാണ് ജസ്റ്റീസ് പിഎ ആന്റണി കമ്മിഷൻ അന്വേഷണ വിധേയമാക്കുന്നത്.
ചാനൽ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ ഇവർക്കെതിരേ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാനും ടേംസ് ഓഫ് റഫറൻസിൽ തീരുമാനമായിട്ടുണ്ട്. ശശീന്ദ്രനെ പെണ്‍കെണിയിൽ പെടുത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ അന്വേഷിക്കും.
വിവാദ ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത ഫോണ്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കണം. ഇതിനായി ചാനലിനു നോട്ടീസ് നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സംഭാഷണം പുറത്തുവിട്ട ചാനല്‍ സിഇഒ ആര്. അജിത്കുമാറടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്‍സിപിയുടെ യുവജനവിഭാഗത്തിന്റെ അധ്യക്ഷനും അഭിഭാഷകയും നല്കിയ പരാതികള്‍ ഡിജിപി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. രണ്ടു പരാതികളിലും സമാനസ്വാഭാവമുള്ള ആക്ഷേപങ്ങളാണ് ഉന്നയിച്ചിരുന്നത്. എ.കെ. ശശീന്ദ്രനുള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.