തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതോടെ ശശീന്ദ്രന് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഫോണിൽ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രൻ തന്നെയാണോയെന്ന് ഉറപ്പില്ലെന്നും, മന്ത്രി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയോട് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.

അനുകൂലമായ തീരുമാനം കോടതിയിൽ നിന്നുണ്ടായാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരും. നേരത്തേ ഈ ആരോപണം ഉയർന്നപ്പോഴാണ് എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് മന്ത്രിയായ തോമസ് ചാണ്ടിയും കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ രാജിവച്ചു. ഇതോടെയാണ് ആദ്യം കോടതി കുറ്റവിമുക്തനാക്കുന്നയാൾ മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ