തിരുവനന്തപുരം: ലൈംഗിക ചുവയോടെ ഫോണിൽ സംസാരിച്ചെന്ന വാർത്തയെ തുടർന്ന് രാജിവച്ച ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അസ്വാഭാവികമാണെന്നും സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായ കാക്കാനാണ് രാജി വച്ചതെന്നും അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനമല്ല നിരപരാധിത്വം തെളിയിക്കലാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ താൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും നല്ല കീഴ്‌വഴക്കം സൃഷ്‌ടിക്കുന്നതിനാണ് രാജി വയ്‌ക്കാൻ തീരുമാനമെടുത്തതെന്നും ശശീന്ദ്രൻ വിശദീകരിച്ചു.

വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശംകൂടി കണക്കിലെടുത്താണ് രാജിവെച്ചതെന്നും ശശീന്ദ്രൻ പറഞ്ഞു. ഏതന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും, ശശീന്ദൻ കൂട്ടിച്ചേർത്തു.

മന്ത്രിയുടേത് എന്ന പേരിൽ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോൺ സംഭാഷണം ഒരു ടിവി ചാനലാണ് ഇന്നലെ രാവിലെ പുറത്തുവിട്ടത്. ഇതേ തുടർന്ന് ഉച്ചകഴിഞ്ഞ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി വയ്‌ക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ