തിരുവനന്തപുരം: എ.കെ​.ശശീന്ദ്രന്റേതെന്ന പേരിലുളള ഫോൺ സംഭാഷണം സംപ്രേക്ഷണം ചെയ്തതിന് മംഗളം ചാനലിന് എതിരെ സൈബർ സെല്ലിൽ പരാതി. എൻസിപിയുടെ യുവജന വിഭാഗം പ്രസിഡന്റ് അഡ്വ.മുജീബ് റഹ്മാനാണ് ചാനലിന് എതിരെ പരാതി നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമം ദുരുപയോഗപ്പെടുത്തുകയും നിയമവിരുദ്ധമായി അശ്ലീലം മംഗളം ചാനൽ സംപ്രേക്ഷണം ചെയ്തു എന്നാണ് പരാതി. രാവിലെ 11.20 ഓടെയാണ് ചാനൽ മന്ത്രിയുടേത് എന്ന് പറയുന്ന അശ്ലീല സംഭാഷണം ചാനൽ സംപ്രേക്ഷണം ചെയ്തത്. ഇന് നിയമവിരുദ്ധമാണ് എന്നാണ് പരാതിക്കാരൻ പറയുന്നത്.

മംഗളം ചാനലിന്റെ ചെയർമാൻ സാജൻ വർഗീസ്, എംഡി ആർ.അജിത് കുമാർ എന്നിവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടാണ് മുജീബിന്റെ പരാതി. ചാനലിലെ മാധ്യമപ്രവർത്തകരായ എം.പി.സന്തോഷ്, ഋഷി കെ.മനോജ്, കെ.ജയചന്ദ്രൻ, എസ്‌.വി.പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, കെ.ജയചന്ദ്രൻ എന്നിവരെയും പ്രതിചേർക്കണമെന്നും പരാതിക്കാരൻ​ ആവശ്യപ്പെടുന്നുണ്ട്. വാർത്താ അവതാരികയായ ലക്ഷ്മി മോഹനെയും പ്രതി ചേർക്കണമെന്നും ആവശ്യമുണ്ട്.

അന്നേ ദിവസം വൈകിട്ട് 5.45 ന് ഈ വിവാദ സംഭാഷണം ഫെയ്സ്ബുക്ക് വഴി ചാനൽ പ്രചരിപ്പിക്കുകയും ആയിരക്കണക്കിന് ആളുകൾ ഇത് കണ്ടുവെന്നും സൈബർ സെല്ലിന് നൽകിയ പരാതിയിൽ മുജീബ് ചൂണ്ടിക്കാട്ടുന്നുണ്ട്. വാർത്തയുടെ ഉള്ളടക്കം അശ്ലീലമാണെന്ന് അറിഞ്ഞിട്ടും അത് നവമാധ്യമങ്ങളിൽ മനഃപൂർവമാണ് പ്രചരിപ്പിച്ചതെന്നും മുജീബ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗതാഗതമന്ത്രി ഫോൺ ചെയ്തു എന്ന് പറയുന്ന യുവതി നാളിതുവരെ പാരാതി നൽകിയിട്ടില്ലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്നും മുജീബ് പരാതിയിൽ ആരോപിക്കുന്നുണ്ട്. ചാനലിന്റെ മാർക്കറ്റിങ്ങിന് വേണ്ടി വഞ്ചനയിലൂടെ ഉണ്ടാക്കിയ സംഭവമാണ്​ ഇതെന്നും മുജീബ് ഐഇ മലയാളത്തിനോട് പറഞ്ഞു.

മംഗളം ചാനലിലെ ജീവനക്കാരിയാണ് ഇതിന് പിന്നിലെന്നും ഇവർ ഇതിനായി ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ട് എന്നും മുജീബ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ലൈംഗികച്ചുവയുള്ള സംഭാഷണം സംപ്രേക്ഷണം ചെയ്തത് സൈബർ പോണോഗ്രഫിക്ക് പരിധിയിൽ വരുന്നതാണെന്നും , ചാനലിന് എതിരെ ശക്തമായ നടപടി എടുക്കുണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇന്ത്യൻ ടെലഗ്രാഫ് ആക്ട്, കേബിൾ ടെലിവിഷൻ റെഗുലേഷൻ ആക്ട് എന്നിവ ചാനലിന് എതിരെ ചുമത്തണമെന്നും മുജീബ് തന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ