തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ കുടുങ്ങിയ മുൻമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് യുവതി. മന്ത്രിയുടെ ഔദ്യോഗികവസതിയിൽവച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ ചാനൽപ്രവർത്തക കോടതിയെ അറിയിച്ചു. ഫോണിൽ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയിൽ വ്യക്തമാക്കി. കേസിൽ ശനിയാഴ്ച കോടതി വിധി പറയും.

എൻസിപി നേതാവായിരുന്ന മന്ത്രി ശശീന്ദ്രൻ 2017 മാർച്ച് 26 നാണ് രാജിവച്ചത്. മംഗളം ചാനലിൽ വന്ന ടെലിഫോൺ സംഭാഷണമാണ് രാജിക്ക് കാരണമായത്. ശശീന്ദ്രൻ വീട്ടമ്മയായ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ ഇത് മന്ത്രിയ്ക്കെതിരായ കെണിയാണെന്ന് പിന്നീട് ആരോപണമുയർന്നു.

ഇതേ തുടർന്ന് പൊലീസ് കേസും എടുത്തു. പൊലീസ് കേസിൽ ചാനലിന്രെ സിഇഒ അജിത് കുമാർ, മാധ്യമ പ്രവർത്തകർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ