ന്യൂഡെൽഹി: ലൈംഗീക വിവാദത്തിൽ രാജിവെച്ച ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പകരം മന്ത്രി ഉടൻ ഇല്ല എന്ന് എൻസിപിയുടെ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. സംഭവത്തെപ്പറ്റിയുള്ള ജുഡീഷ്യൽ​ അന്വേഷണം കഴിയട്ടെ അതിന് ശേഷം പുതിയ മന്ത്രിയെ തീരുമാനിക്കാം എന്നാണ് ശരദ് പവാറിന്റെ നിലപാട്. അന്വേഷണത്തിൽ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തുമെന്നും ശരദ് പവാർ പറഞ്ഞു. മൂന്ന് മാസത്തിനകം ജുഡീഷ്യൽ അന്വേഷണം പൂർത്തീയാക്കണം​ എന്നും ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു.

എ.കെ ശശീന്ദ്രന്റെ ആരോപണം സംബന്ധിച്ച് പാർട്ടിയുടെ പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും എന്നും ദേശീയ അദ്ധ്യക്ഷൻ അറിയിച്ചു, ഈ വരുന്ന വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള ഘടകം തീരുമാനം എടുക്കുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ആര് മന്ത്രിയാകും എന്നത് സംബന്ധിച്ച് എൻ.സി.പി നേത്രത്വം തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിചെർത്തു.

ലൈംഗിക ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിയാകും എന്നാണ് ഇന്ന് എൻസിപിയുടെ സംസ്ഥാന നേത്രത്വം അറിയിച്ചത്. എൻസിപി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. നേതൃയോഗത്തിൽ തീരുമാനം പൊതുവായി ഉയർന്നുവന്നുവെന്ന് ഉഴവൂർ വിജയൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരിന്നു. എ.കെ.ശശീന്ദ്രൻ തീരുമാനത്തെ പിന്തുണച്ചു എന്നും ഉഴവൂർ വിജയൻ പറഞ്ഞിരുന്നു.

ലൈംഗിക ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് മന്ത്രി എ.കെ.ശശീന്ദ്രന് രാജി വയ്ക്കേണ്ടി വന്നത്. മംഗളം ചാനലാണ് മന്ത്രിയുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. ഇത് എ.കെ.ശശീന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. താൻ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പകരം മന്ത്രിയെ വേണമെന്നും വേണ്ടെന്നും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഗോവയിൽ ബിജെപി സർക്കാരിന് എൻസിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവർക്ക് അതൃപ്തി ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ എറണാകുളത്ത് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിലെ തീരുമാനം എൻസിപി യുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.

“മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എൻസിപിയാണെന്നും, ഇക്കാര്യം അവർ തീരുമാനിക്കട്ടേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.”

ഇപ്പോൾ ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വകുപ്പ് മറ്റേതെങ്കിലും ഘടകക്ഷി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടി പറഞ്ഞിരുന്നു. താൻ മന്ത്രിയാകാൻ യോഗ്യനാണെന്നും മികച്ച ഭരണകർത്താവാണെന്നത് അദ്ദേഹം രാവിലെ സമർത്ഥിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ