കൽപറ്റ: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി.വസന്ത കുമാറിന്റെ കുടുംബത്തെ മന്ത്രി എ.കെ.ബാലന്‍ സന്ദര്‍ശിക്കും. കുടുംബത്തിനുളള സര്‍ക്കാരിന്റെ സഹായത്തെ കുറിച്ച് മന്ത്രി വിശദീകരിക്കും. രാവിലെ 11 മണിയോടെയാണ് അദ്ദേഹം വസന്ത കുമാറിന്റെ വീട്ടിലെത്തുക. വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വസന്ത കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. രാഷ്ട്രീയ നേതാക്കളും പ്രമുഖരും സൈനികന്റെ മൃതദേഹത്തില്‍ ആദരം അര്‍പ്പിച്ചു. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്‍റ് എല്‍പി സ്കൂളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചക്ക് രണ്ടരയോടെ മൃതദേഹം ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മന്ത്രി എ.കെ.ശശീന്ദ്രനും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ മൃതദേഹം ജന്മനാടായ വയനാട് ലക്കിടിയിലെത്തിച്ചു. കരിപ്പൂര്‍ മുതല്‍ ലക്കിടി വരെയുള്ള യാത്രക്കിടെ പലഭാഗങ്ങളിലും നാട്ടുകാര്‍ ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ