തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മന്ത്രി എകെ ബാലന്‍. ഇത് പഴയ കാലമല്ലെന്നും ഇന്ന് പട്ടിക ജാതിയിലുള്ളവരേക്കാള്‍ കഷ്ടത മുന്നോക്ക ജാതിയില്‍ പെട്ട ചിലർ അനുഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഇടത് സര്‍ക്കാരാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
മുന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം പ്രഖ്യാപിച്ചത് ഇഎംഎസിന്റെ കാലത്താണ്. അത് നടപ്പിലാക്കുകയും ചെയ്തു. പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള സംവരണത്തിന് ഒരു തരത്തിലുള്ള കുറവുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം നല്‍കുന്നതിനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവരണം സിപിഎം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയായിരുന്നു. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുളള മേല്‍ജാതിക്കാര്‍ക്ക് ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് കേന്ദ്രം സുപ്രധാനമായ തീരുമാനമെടുത്തത്. സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നാക്ക വിഭാഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ നീക്കം. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍?ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.
അതേസമയം, കേന്ദ്ര തീരുമാനത്തിനെതിരെ പിന്നാക്ക വിഭാഗങ്ങളും ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയേക്കും. എതിര്‍പ്പ് കാരണം തീരുമാനം നടപ്പിലാക്കാന്‍ കഴിയാതെ പോയാലും ഇത് ബിജെപിക്ക് ഗുണം ചെയ്യും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് മുന്നാക്ക വിഭാഗത്തിന്റെ പിന്തുണ ഇല്ലാതാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്ര തീരുമാനത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് നിര്‍ണായകമാണ്.